നിപ: നിരീക്ഷണത്തിലിരുന്ന രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു
text_fieldsപാലക്കാട്: നിപ ബാധിച്ച യുവതിയുടെ സമ്പർക്കപ്പട്ടികയിൽ നിലവിൽ ജില്ലയിലുള്ളത് 177 പേർ. മൂന്നുപേർ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ഐസൊലേഷനിലാണ്. ജില്ലയില്‍ അഞ്ചു പേരുടെ ഫലം നെഗറ്റീവായി. രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. തച്ചനാട്ടുകര പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 11 വാർഡുകളും കഴിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ പൊതുജനങ്ങളുടെ അനാവശ്യ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ.സി.എം.ആർ എൻ.ഐ.വി പൂണെയിൽ നിന്നുള്ള വിദഗ്ധസംഘം ഡോ. ദിലീപ് പാട്ടേൽ, ഡോ. കണ്ണൻ ശബരീനാഥ് എന്നിവർ മെഡിക്കൽ കോളജിലെ കൺട്രോൾ റൂം സന്ദർശിച്ച് അഡീഷനൽ ഡയറക്ടർ പബ്ലിക് ഹെൽത്ത്, ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം), കൺട്രോൾ സെൽ ടീം അംഗങ്ങളുമായി ചർച്ച നടത്തി.
പൊതുജനങ്ങളിൽനിന്നും വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയോ പ്രകോപനപരമായ പെരുമാറ്റമോ ഉണ്ടാകരുതെന്ന് കലക്ടർ അറിയിച്ചു. ഇത് വവ്വാലുകളിൽ സമ്മർദങ്ങൾ ഉണ്ടാകുകയും അവയുടെ സ്രവ-വിസർജ്യങ്ങൾ വർധിക്കുകയും അതിലൂടെ കൂടുതൽ വൈറസുകളെ പുറംതള്ളുന്നതിന് കാരണമാകുകയും രോഗവ്യാപനത്തിന് ഇടയാക്കുകയുംചെയ്യുമെന്ന് കലക്ടർ അറിയിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ആകെ 3020 ഗൃഹസന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ജില്ല മാനസികാരോഗ്യ വിഭാഗം ഇതുവരെ 235 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് സേവനം നൽകി. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക് നിപ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് 78 കോളുകൾ വന്നതായും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

