നിപ: നിരീക്ഷണത്തിൽ ഏഴുപേർ
text_fieldsപാലക്കാട്: നിപ ബാധയുമായി ബന്ധപ്പെട്ട് നിലവിൽ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ഐസൊലേഷനിലുള്ളത് ഏഴു പേർ. തച്ചനാട്ടുകര, കുമരംപുത്തൂർ സ്വദേശികൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും സംശയാസ്പദമായ രോഗലക്ഷണങ്ങളുള്ള ഒരു രോഗിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ജില്ല കലക്ടർ അറിയിച്ചു.
ജില്ലയിലാകെ 394 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം 150 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
ജില്ല മൃഗനിരീക്ഷണ സംഘവും മണ്ണാർക്കാട് ആർ.ആർ.ടിയും കുമരംപുത്തൂർ നിപ പ്രഭവ കേന്ദ്രത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്ററിനുള്ളിൽ ഒമ്പതു കന്നുകാലികൾ, ഏഴ് ആടുകൾ, ഒരു നായ് എന്നിവയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തിൽ ഓൺലൈനായി വിവിധ വകുപ്പുതല ഏകോപനയോഗം ചേർന്നു.
കുമരംപുത്തൂർ, കാരാകുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെയും മണ്ണാർക്കാട് നഗരസഭയിലെയും കണ്ടെയ്ൻമെന്റ് സോണിലെയും വാർഡുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. അനാവശ്യമായി കൂട്ടം കൂടി നിൽക്കരുത്. ഈ വാർഡുകളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തുകടക്കലും ഒഴിവാക്കാൻ കർശന നിരീക്ഷണവും പരിശോധനയും തുടരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് കുമരംപുത്തൂരിൽ മരിച്ച നിപ സ്ഥിരീകരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം വന്നിട്ടുള്ളവരും പുതുക്കിയ റൂട്ട് മാപ്പിൽ പറഞ്ഞിട്ടുള്ള സ്ഥലത്ത് അതേ സമയത്ത് ഉണ്ടായിരുന്നവരും അക്കാര്യം ഉടൻ നിപ കൺട്രോൾ റൂം നമ്പറിൽ വിളിച്ച് അറിയിക്കണം. നിപ കൺട്രോൾ റൂമിൽ വിളിച്ച് വിദഗ്ധ ഉപദേശം തേടിയതിന് ശേഷം മാത്രമേ നിപ പരിശോധനക്കായി പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ എത്താൻ പാടുള്ളൂവെന്ന് ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ബുധനാഴ്ച 1568 വീടുകളിൽ ഭവന സന്ദർശനം നടത്തി പനി സർവേ പൂർത്തിയാക്കി.
ജില്ല മാനസികാരോഗ്യ വിഭാഗം 51 പേർക്ക് ടെലിഫോണിലൂടെ കൗൺസിലിങ് നൽകി. കൺട്രോൾ സെല്ലിലേക്ക് 42 കോളുകൾ വന്നു. കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചതിനുശേഷം ആകെ 872 കുടുംബങ്ങൾക്ക് റേഷൻ നേരിട്ട് വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ഗുരുതരമല്ലാത്ത ആശുപത്രി സേവനം ആവശ്യമായി വരുന്ന പക്ഷം ഇ-സഞ്ജീവനി വഴി ഓൺലൈനായി ഡോക്ടറെ കാണാം. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ജനറൽ ഓഫിസ് സേവനം ലഭ്യമാണ്.
നിപ കൺട്രോൾ റൂം നമ്പർ (24x7): 0491 250 4002, കൗൺസിലിങ് സേവനങ്ങൾക്ക്: 7510905080.
കുമരംപുത്തൂർ സ്വദേശിയുടെ പുതുക്കിയ റൂട്ട് മാപ് പുറത്തിറക്കി
പാലക്കാട്: ജില്ലയിൽ നിപ ബാധിച്ച് മരിച്ച കുമരംപുത്തൂർ സ്വദേശിയായ 57 വയസ്സുകാരന്റെ പുതുക്കിയ റൂട്ട് മാപ് പുറത്തിറക്കി. ഈ റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും സമയങ്ങളിലും സന്നിഹിതരായിരുന്നവർ എത്രയും പെട്ടെന്ന് നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
ജൂലൈ ആറ്: രാവിലെ രോഗലക്ഷണങ്ങൾ ആരംഭിച്ചു. രാവിലെ 11 മുതൽ 12 വരെ-സ്വന്തം വാഹനത്തിൽ മണ്ണാർക്കാട് ന്യൂ അൽമ ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ തേടി. ശേഷം വീട്ടിലേക്ക് മടങ്ങി
ജൂലൈ ഏഴ്: ഉച്ചക്ക് 12 മുതൽ 2.30 വരെ-മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ പ്രീ-ചെക്കപ്പ് ഏരിയ, ജനറൽ ഔട്ട് പേഷ്യന്റ് വിഭാഗം, ലാബ് എന്നിവ സന്ദർശിച്ചു. സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് പോയി മടങ്ങി വന്നു.
ജൂലൈ എട്ട്: രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ-സ്വന്തം വാഹനത്തിൽ വട്ടമ്പലം മദർ കെയർ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിലും തുടർന്ന് ഔട്ട് പേഷ്യന്റ് വിഭാഗത്തിലും സന്ദർശിച്ചു. വീട്ടിലേക്ക് മടങ്ങി.
ജൂലൈ ഒമ്പത്: രാവിലെ ഏകദേശം 8.30 മുതൽ ഉച്ചക്ക് ഒന്ന് വരെ-സുഹൃത്തിനൊപ്പം ബൈക്കിൽ ചങ്ങലീരി പാലത്തിനടുത്തുള്ള ചായക്കട (പ്രദേശം പൊമ്പ്ര-കരിമ്പുഴ പഞ്ചായത്ത്) സന്ദർശിച്ചു. അതേ ബൈക്കിൽ ഉച്ചക്ക് ഒന്ന് വരെ ചങ്ങലീരി പ്രദേശത്തുള്ള സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങി.
ജൂലൈ 10: ഉച്ചക്ക് 2.20 മുതൽ- വട്ടമ്പലം മദർ കെയർ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വൈകീട്ട് അഞ്ചിന് സ്വകാര്യ മുറിയിൽ പ്രവേശിപ്പിച്ചു.
ജൂലൈ 11: ഉച്ചക്ക് 2.40 വരെ- വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശനം തുടർന്നു. യു.എസ്.ജി, എം.ആർ.ഐ സ്കാനുകൾ നടത്തി. ന്യൂറോളജി കൺസൾട്ടേഷനായി ഉയർന്ന തലത്തിലുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ഉച്ചക്ക് 2.40 മുതൽ 4.15 വരെ-സ്വകാര്യ ആംബുലൻസിൽ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലേക്ക് യാത്ര ചെയ്തു.
വൈകീട്ട് 4.15 മുതൽ-മൗലാനാ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് 6.55ന് മൗലാനാ ആശുപത്രിയിലെ സി.സി.യുവിലേക്ക് മാറ്റി.
ജൂലൈ 12: വൈകീട്ട് 5.10ന് മരണം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

