സ്വകാര്യ വ്യക്തിയുടെ മതിലിലെ പരസ്യം കാണാൻ മരം മുറിച്ച് പൊതുമരാമത്ത് വകുപ്പ്
text_fieldsപാലക്കാട്: സ്വകാര്യ വ്യക്തിയുടെ മതിലിലെ പരസ്യം കാണാൻ മലമ്പുഴ നൂറടി റോഡിലെ മരങ്ങൾ പൂർണമായി മുറിച്ചു നീക്കിയതായി ആരോപണം. അപകട ഭീഷണി ഉയർത്തുന്ന മരങ്ങളും ചില്ലകളും മുറിച്ചുനീക്കുന്നതിന്റെ മറവിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി.
നൂറടി റോഡിൽ മാട്ടുമന്ത ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ മതിലിൽ എഴുതിയ കമ്പിയുടെ പരസ്യം കാണുന്നതിനുവേണ്ടിയാണ് മരം പൂർണമായും മുറിച്ചു മാറ്റിയത്. നടപ്പാതക്കും സൈക്കിൾ ട്രാക്കിനും മധ്യത്തിലായാണ് മരം നിന്നിരുന്നത്. മരത്തിൽ നിന്ന് 20 അടി അകലത്തിലാണ് റോഡ്.
സമീപവാസികൾക്കോ യാത്രികർക്കോ ഒരു തരത്തിലും ഭീഷണിയല്ലെന്നിരിക്കെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ക്രൂരത. വേനലിൽ നൂറുകണക്കിന് ആളുകളാണ് ഇവിടെ തണൽ തേടിയെത്താറുള്ളത്. 15 വർഷം മുൻപ് 'പുനർജനി' പരിസ്ഥിതി കൂട്ടായ്മയാണ് റോഡിനിരുവശത്തും മരം നട്ടുപിടിപ്പിച്ചത്. അപകട ഭീഷണിയുള്ള മരങ്ങളുടെയും ചില്ലകളുടെയും പട്ടിക തയാറാക്കാതെയായിരുന്നു മരം മുറി.
മരം മുറിക്കുമ്പോൾ ജീവനക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും നടപടിയുണ്ടാവുന്നതുവരെ കരാറുകാരന്റെ ബിൽ തുക തടഞ്ഞ് വെക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

