കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗിന് അതൃപ്തി; ഭരണം പ്രതിസന്ധിയിൽ
text_fieldsകാഞ്ഞിരപ്പുഴ: ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിലെ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയിൽ മുസ്ലിം ലീഗിനുള്ള അതൃപ്തി മറനീക്കി പുറത്തുവന്നതോടെ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. വ്യാഴാഴ്ച നടന്ന കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗത്തിൽ ലീഗിന്റെയും എൽ.ഡി.എഫിന്റെയും പ്രതിനിധികളും ഒരു സ്വതന്ത്രനും വിയോജനക്കുറിപ്പ് എഴുതി നൽകി. പഞ്ചായത്ത് ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട അജണ്ടക്കെതിരെയാണ് വിയോജനക്കുറിപ്പെഴുതിയത്.
അതേസമയം, സ്ത്രീ സുരക്ഷ പെൻഷൻ അംഗീകരിക്കുന്നതുൾപ്പെടെയുള്ള അജണ്ടകൾ ചർച്ച ചെയ്ത് അംഗീകരിക്കാനാണ് യോഗം ചേർന്നതെന്നും ക്ഷേമപദ്ധതികൾ അട്ടിമറിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഓലിക്കൽ പറഞ്ഞു. ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും വർക്കിങ് ഗ്രൂപ്പ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും ലീഗുമായി കൂടിയാലോചന നടത്താത്തതിലും കോൺഗ്രസ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നതിലും മുസ്ലിം ലീഗിന് കടുത്ത അമർഷമുണ്ട്.
പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കുന്നതുൾപ്പെടെ കടുത്ത നിർദേശങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിൽ ഉയർന്നിരുന്നു. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ലീഗ് അംഗങ്ങൾ വേറെ ബ്ലോക്കായി ഇരിക്കാനും ഈ തീരുമാനങ്ങൾ ജില്ല, മണ്ഡലം ലീഗ് കമ്മിറ്റികളെയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയെയും അറിയിക്കാനും യോഗത്തിൽ ധാരണയായിരുന്നു.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് സി.ടി. അലി അധ്യക്ഷത വഹിച്ചു. യോഗം ലീഗ് ജില്ല കമ്മിറ്റി അംഗം പ്രഫ. പി.എം. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. ഹുസൈൻ, ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് പടുവിൽ മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു. പൊറ്റശ്ശേരി സർവിസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് പദവി ജനുവരി ഒന്ന് മുതൽ ആറ് മാസക്കാലം മുസ്ലിം ലീഗിന് വിട്ടുനൽകുമെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ മുന്നണി ധാരണ പാലിക്കാത്തതിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപേ ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
യു.ഡി.എഫ് ജില്ല നേതൃത്വം പ്രശ്നത്തിൽ ഇടപെട്ട് ചർച്ചയും നടത്തിയിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ചതിന് പിറകെ പൊറ്റശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ ജോയ് ജോസഫ് രാജിവെച്ചിട്ടുണ്ടെങ്കിലും ബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നാണ് ലീഗിന്റെ പുതിയ തീരുമാനം. അർഹമായ പരിഗണന ലഭിക്കാതെ മുന്നോട്ട് പോവാനാവില്ലെന്നാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ.
യു.ഡി.എഫ് 11 അംഗങ്ങളുടെ പിന്തുണയോടെയാണ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണം ഏറ്റെടുത്തത്. 21 അംഗ ഭരണസമിതിയിൽ മുസ്ലിം ലീഗിന് സ്വതന്തനുൾപ്പെടെ മൂന്നും കോൺഗ്രസിന് അഞ്ചും കേരള കോൺഗ്രസ് (ജെ) ക്ക് ഒന്നും മറ്റ് സ്വതന്ത്രരായ രണ്ടും ഉൾപ്പെടെ 11 പ്രതിനിധികളാണുണ്ടായിരുന്നത്. ലീഗ് പിന്തുണ പിൻവലിച്ചാൽ യു.ഡി.എഫിന് എട്ട് അംഗങ്ങളാണുണ്ടാകുക.
ഇടതുമുന്നണിയിൽ സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒന്നും എൽ.ഡി.എഫ് സ്വതന്ത്രൻ ഒന്നും ഉൾപ്പെടെ എട്ട് അംഗങ്ങളുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ യു.ഡി.എഫിന് പഞ്ചായത്തിൽ ഭരണം നഷ്ടമാകാൻ സാധ്യതയുണ്ട്. എൻ.ഡി.എയുടെ ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

