കാലവര്‍ഷം: ജില്ലയില്‍ 27 വീടുകള്‍ കൂടി തകര്‍ന്നു
text_fieldsപാലക്കാട്: ജില്ലയിൽ കാലവർഷം ശക്തം. കനത്ത മഴയിൽ ജില്ലയിലാകെ 27 വീടുകള്‍ക്ക് കൂടി നാശനഷ്ടമുണ്ടായി. ഞായറാഴ്ച ഉച്ചക്ക് 2.30 മുതല്‍ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണി വരെയുള്ള കണക്കാണിത്. 24 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതോടെ ജില്ലയില്‍ മഴക്കെടുതിയില്‍ തകർന്ന ആകെ വീടുകളുടെ എണ്ണം 71 ആയി.
മണ്ണാര്‍ക്കാട് താലൂക്കില്‍ പൊറ്റശ്ശേരി-ഒന്ന് വില്ലേജില്‍ ഒരു വീടും പാലക്കയത്ത് രണ്ട് വീടും മണ്ണാര്‍ക്കാട്-ഒന്ന് വില്ലേജില്‍ ഒരു വീടും തച്ചനാട്ടുകര -ഒന്ന് വില്ലേജില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. പട്ടാമ്പി താലൂക്കിലെ പരൂതൂര്‍, പട്ടാമ്പി, നാഗലശ്ശേരി എന്നിവിടങ്ങളിൽ ഒന്ന് വീതവും കൊപ്പത്ത് രണ്ടു വീടുകളും ഓങ്ങല്ലൂര്‍-2 വില്ലേജില്‍ ഒരു വീടും വലപ്പുഴ, തൃത്താല വില്ലേജുകളില്‍ ഓരോ വീട് വീതവും അട്ടപ്പാടി താലൂക്കിലെ കള്ളമല, ഷോളയൂര്‍, പാടവയല്‍ എന്നിവിടങ്ങളില്‍ ഒരോ വീടുകള്‍ വീതവും പാലക്കാട് താലൂക്കിലെ പൊല്‍പ്പുള്ളി, പെരുവെമ്പ്, മണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോ വീടുകള്‍ വീതവും ചിറ്റൂര്‍ താലൂക്കില്‍ തെക്കെ ദേശം, കൊടുവായൂര്‍ -രണ്ട് വില്ലേജുകളിലായി ഒരോ വീടുകള്‍ വീതവും ഒറ്റപ്പാലം താലൂക്കില്‍ വാണിയംകുളം -രണ്ട് വില്ലേജിലും ഷൊര്‍ണൂരിലും ഒരോ വീടുകള്‍ വീതവും ആലത്തൂര്‍ താലൂക്കില്‍ വടക്കേഞ്ചേരി വില്ലേജില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു.
ആലത്തൂര്‍ വില്ലേജില്‍ കാവശ്ശേരി, കോട്ടായി എന്നിവിടങ്ങളില്‍ ഒരോ വീടുകളും പട്ടാമ്പി മുതുതലയില്‍ ഒരു വീടുമാണ് പൂര്‍ണമായും തകര്‍ന്നത്. ഞായറാഴ്ച രാവിലെ എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ എട്ടുവരെ ജില്ലയില്‍ ശരാശരി 69.7 മീ.മീറ്റര്‍ മഴ ലഭിച്ചു. ജില്ലയിൽ നിലവിൽ മൂന്നുദിവസം മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയിൽ ജില്ലയുടെ പല ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. വീടുകൾക്ക് പുറമേ മരങ്ങൾ വീണും കിണർ ഇടിഞ്ഞുതാഴ്ന്നും നഷ്ടങ്ങളുണ്ടായി.
മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ കാക്കതോട് പാലത്തിന്റെ പണി നടക്കുന്നതിനാൽ തോടിന് കുറുകെ താൽക്കാലികമായി നിർമിച്ച റോഡിന് മുകളിൽ വെള്ളം കയറി താൽക്കാലിക റോഡ് പൂർണമായും ഒഴുകിപ്പോയി. റോഡിനു മുകളിൽ വെള്ളം കയറി ബലക്ഷയം സംഭവിച്ചതിനാൽ ഗതാഗതം നിരോധിച്ച് എല്ലാ വാഹനങ്ങളും വഴി തിരിച്ചുവിടുന്നുണ്ട്. കാൽനടയാത്രക്കാർക്കായി പുതിയ പാലത്തിന് മുകളിലൂടെ സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്.
പറളി ഓടനൂർ പതിപ്പാലം വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നെല്ലിയാമ്പതിയിൽ മരം വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. മണ്ണൂരിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് രണ്ട് വീടുകളും തകർന്നു.
ഷൊർണൂർ പൊതുവാൾ ജങ്ഷനിന് സമീപം മരം കടപുഴകി ഏഴോളം വൈദ്യുതി പോസ്റ്റുകൾ പൊട്ടിവീണു. ഇതോടെ രാവിലെ മുതൽ ഉച്ചക്കുവരെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റിയശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ശക്തമായ മഴയിൽ അലനല്ലൂരിൽ കർക്കിടാംകുന്ന് പാലക്കടവിലെ കുണ്ടുള്ളി ഉണ്ണികൃഷ്ണന്റെ വീടിനോട് സമീപമുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

