ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവം; തെരച്ചിൽ രണ്ടാം ദിവസവും വിഫലം
text_fieldsഗായത്രി പുഴയിലെ മേലാർക്കോട് കൂളിയാട് പാലം ഭാഗത്ത് പുഴയിൽ കാണാതായ ലക്ഷ്മണന് വേണ്ടി ആലത്തൂർ അഗ്നിരക്ഷ സേന തെരച്ചിൽ നടത്തുന്നു
ആലത്തൂർ: പുഴയിൽ ഒഴുകി വരുന്ന തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ കുനിശ്ശേരി മലക്കാട്ട്കുന്നിൽ ലക്ഷ്മണനെ തിങ്കളാഴ്ചയും കണ്ടെത്താൻ കഴിഞ്ഞില്ല. ആലത്തൂർ, ചിറ്റൂർ, കഞ്ചിക്കോട് അഗ്നിരക്ഷ നിലയങ്ങളിലെ പ്രത്യേക പരിശീലനം നേടിയ 15 പേരുടെ മൂന്ന് സംഘങ്ങളാണ് പുഴയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയത്. ആലത്തൂർ വെങ്ങന്നൂർ പാലത്തിന് താഴെ വരെയാണ് തിങ്കളാഴ്ച തെരച്ചിൽ നടത്തിയത്.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മലക്കാട്ട് കുന്നിൽ നിന്ന് കുറച്ചകലെയുള്ള ഗായത്രി പുഴയിലെ മേലാർക്കോട് കൂളിയാട് പാലം ഭാഗത്ത് മീൻ പിടിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് മറ്റുരണ്ട് പേർക്കൊപ്പം ലക്ഷ്മണൻ പോയത്. 10.30 ഓടെയാണ് പുഴയിൽ ഇറങ്ങിയ ഒരാളെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചത്.
മറുകരയിൽ ഒഴുകി വന്ന തേങ്ങ ഒഴുക്കില്ലാത്ത ഭാഗത്ത് കിടക്കുന്നത് കണ്ടപ്പോൾ ലക്ഷ്മണൻ പാലം വഴി മറുകരയിലെത്തി തേങ്ങ പിടിക്കാൻ ശ്രമിച്ചപ്പോൾ ഒഴുക്കിൽപ്പെട്ടതായാണ് പറയുന്നത്. ഞായറാഴ്ചയും രാത്രി വരെ തെരഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ വീണ്ടും തുടങ്ങിയ തെരച്ചിൽ നേരം ഇരുട്ടിയതോടെ നിർത്തി. ചൊവ്വാഴ്ച രാവിലെ വീണ്ടും തുടരുമെന്ന് അഗ്നി രക്ഷ നിലയം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

