മന്ത്രി ഇടപെട്ടിട്ടും രക്ഷയില്ല; ആശുപത്രിയുടെ പ്രവർത്തന സമയം തോന്നുംപോലെ
text_fieldsഅഗളി: അട്ടപ്പാടി ഷോളയൂർ വട്ടലക്കിയിലെ ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന സമയം ഉത്തരവ് പ്രകാരമല്ലെന്ന് നാട്ടുകാർ. ആറു വരെയുള്ള ആശുപത്രിയുടെ പ്രവർത്തന സമയം നേരത്തെ അവസാനിപ്പിക്കുന്നതായാണ് ആരോപണം. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രി ‘ആർദ്രം’ പദ്ധതി പ്രകാരം 2020 ആഗസ്റ്റ് അഞ്ചിന് കുടുംബാരോഗ്യ കേന്ദ്രമാക്കി. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ ആശുപത്രിയുടെ പ്രവൃത്തി സമയത്തിലും സൗകര്യങ്ങളിലും മാറ്റമുണ്ടായി. ആശുപത്രിയിലെ മുഴുവൻ മേഖലകളിലും കമ്പ്യൂട്ടർ വത്ക്കരണം, ലാബ് നവീകരണം, പുതുക്കിയ വൈദ്യുതീകരണവും ഭൗതികസാഹചര്യങ്ങളുടെ വികസനവും എന്നിവ ഇതുവഴി നടപ്പാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പ്, നിർമിതി, കെൽട്രോൺ, ആരോഗ്യ വകുപ്പ് തുടങ്ങിയ സംവിധാനങ്ങൾ സംയുക്തമായി ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് ഈ സൗകര്യങ്ങൾ ജനങ്ങൾക്കായി ഒരുക്കിയത്. എന്നാൽ, ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം നിഷ്കർഷിക്കപ്പെട്ട സമയങ്ങളിൽ മുഴുവനായും കിട്ടാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സർക്കാർ ഉത്തരവ് നമ്പർ 2782/2017 പ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി സംവിധാനം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പകൽ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയും ഞായറാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1.30 വരെയും വേണമെന്നാണ് ഉത്തരവ്.
എന്നാൽ, കുറച്ചുനാൾ മുമ്പ് വരെ ആശുപത്രി സമയം ഉച്ചക്ക് രണ്ടോടെ അവസാനിപ്പിച്ചിരുന്നു. ഈ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ എത്തിയതോടെ മന്ത്രി ആശുപത്രി അധികൃതർക്ക് താക്കീത് നൽകി. പിന്നീടുള്ള കുറച്ച് മാസങ്ങൾ കൃത്യമായി സമയക്രമം പാലിച്ചെങ്കിലും വീണ്ടുമിപ്പോൾ സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ രണ്ട് പി.എസ്.സി ഡോക്ടർമാരും ഒരു എൻ.എച്ച്.എം ഡോക്ടറുമാണ് ആശുപത്രിയിലുള്ളത്. ഉത്തരവ് പ്രകാരം ആറ് വരെ ഒ.പി സേവനം ലഭ്യമാക്കണമെങ്കിലും രണ്ട് മണിക്കൂർ മുമ്പേ ജോലി നിർത്തി ഡോക്ടർമാർ മടങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

