ധീര ജവാന്മാരുടെ ഓർമക്കായി പാലക്കാട്ടും സ്മാരകം
text_fieldsപാലക്കാട് കോട്ടമൈതാനത്ത് നിർമിച്ച യുദ്ധ സ്മാരകം
പാലക്കാട്: വ്യത്യസ്ത സമയങ്ങളിൽ വീരചരമം പ്രാപിച്ച ജില്ലയിലെ ധീര ജവാന്മാരുടെ ഓർമക്കായി കോട്ടമൈതാനത്തും സ്മാരകമായി അമർ ജവാൻ ജ്യോതി. ഡൽഹിയിൽ ഇന്ത്യ ഗേറ്റിന്റെ കീഴിലായി സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകമാണ് അമർ ജവാൻ ജ്യോതി.
1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ വീരചരമം പ്രാപിച്ച സൈനികരുടെ സ്മരണക്ക് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയാണ് ഈ സ്മാരകം പണി കഴിപ്പിച്ചത്. ഇതിനെ അനുസ്മരിക്കുന്ന വിധമാണ് പാലക്കാട്ടും അമർ ജവാൻ ജ്യോതി സ്മാരകം പണികഴിപ്പിച്ചത്. അമൃത് പദ്ധതിയിൽ സ്മാരകം പണിയാൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും ഫണ്ടിന്റെ കുറവ് തടസ്സമായി. തുടർന്ന് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നാണ് സ്മാരകത്തിനുള്ള തുക വകയിരുത്തിയത്.
10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്മാരകം നിർമിച്ചത്. കറുത്ത മാർബിളിനാൽ നിർമിച്ചിരിക്കുന്ന ഈ സ്മാരകത്തിന്റെ മുകളിൽ നടുവിലായി ഒരു റൈഫിൾ അതിന്റെ ബാരൽ കീഴിലേക്ക് വരത്തക്കവണ്ണം കുത്തിനിർത്തിയിരിക്കുന്നു.
അതിനുമുകളിലായി ഒരു ആർമി ഹെൽമറ്റും സ്ഥാപിച്ചിരിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ പൂർവ സൈനികരുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ പുഷ്പാർച്ചന നടത്തിയാണ് സ്മാരകം നാടിന് സമർപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.