ജീവനക്കാരുടെ കുറവ്; പഞ്ചായത്ത് ഓഫിസ് പൂട്ടിയിട്ട് ഭരണസമിതിയുടെ പ്രതിഷേധം
text_fieldsമണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലേക്ക് നിര്‍വഹണ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ വൈകുന്നതിനെതിരെ ഭരണസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് പൂട്ടിയിട്ട് പ്രതിഷേധം. തിങ്കളാഴ്ച രാവിലെ പത്തോടെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സമരം.
സ്ഥലത്തെത്തിയ പൊലീസ് ഓഫിസിന്റെ താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും നിയമനകാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ നൽകില്ലെന്ന് ഭരണസമിതി അംഗങ്ങള്‍ നിലപാടെടുത്തു. ജോലിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസില്‍ പ്രവേശിക്കാനാകാതെ പുറത്ത് നില്‍ക്കേണ്ടി വന്നു.
നാല് മാസത്തോളമായി അസി. സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ ആളില്ലാത്തതിനാല്‍ ഓഫിസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടും നിയമനത്തിന് നടപടിയായില്ല. നിലവില്‍ തച്ചമ്പാറ പഞ്ചായത്ത് അസി. സെക്രട്ടറിക്കാണ് ചുമതല.
എന്‍. ഷംസുദ്ദീന് എം.എല്‍.എ എത്തി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 11 മണിയോടെ സമരം അവസാനിപ്പിച്ചു. പിന്നീട് എം.എല്‍.എയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ചര്‍ച്ച നടത്തി. പ്രശ്നത്തിന് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണാമെന്ന് പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ അറിയിച്ചതായി എം.എല്‍.എ പറഞ്ഞു.
മൂന്ന് ദിവസത്തിനകം പ്രമോഷന് ലിസ്റ്റ് പുറത്തിറങ്ങും. ഇതില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലേക്കുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തും. ഒരാഴ്ചക്കുള്ളില്‍ നിയമനമുണ്ടാകുമെന്നാണ് അഡീഷനല്‍ ഡയറക്ടര്‍ ഉറപ്പു നല്‍കിയതെന്ന് എം.എല്‍.എ പറഞ്ഞു. അല്ലാത്ത പക്ഷം തദ്ദശേ സ്വയംഭരണ വകുപ്പ് മന്ത്രിയെ നേരില്‍ കാണാനും ധാരണയായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് ഡി. വിജയലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, പി.എം. നൗഫല്‍ തങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജന് ആമ്പാടത്ത്, സിദ്ദീഖ് മല്ലിയില്‍, റസീന വറോടന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. മണ്ണാര്‍ക്കാട് സി.ഐ. എ. അനീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.