തത്തേങ്ങലത്ത് വീണ്ടും പുലി ആടിനെ ആക്രമിച്ചു
text_fieldsമണ്ണാർക്കാട്: തത്തേങ്ങലത്ത് പുലി ആടിനെ ആക്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പച്ചീരിക്കാട്ടിൽ ഹരിദാസിന്റെ ആടിനെയാണ് അക്രമിച്ചത്. വീടിന്റെ പുറകിൽ കരച്ചിൽ കേട്ട് വീട്ടുക്കാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ആടിനെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞു. ആടിന്റെ കാലിന് കടിയേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്.
കുറേ മാസങ്ങളായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്പാണ് കാർ യാത്രക്കാർ ഇവിടെ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടത്. ഒരാഴ്ച മുമ്പും വളർത്ത് നായെ പുലി ആക്രമിച്ചിരുന്നു. ഓരോ തവണ പുലിസാന്നിധ്യം ഉണ്ടാകുമ്പോഴും വനം വകുപ്പ് എത്തി പരിശോധന നടത്താറുണ്ടെങ്കിലും ഭീതി അകറ്റാൻ നടപടിയൊന്നുമുണ്ടാകുന്നില്ല. പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

