നിയമസഭ തെരഞ്ഞെടുപ്പ്; മണ്ണാര്‍ക്കാട്ട് യു.ഡി.എഫിൽ സ്ഥാനാർഥി ചർച്ചകൾ സജീവം
text_fieldsമണ്ണാര്‍ക്കാട്: കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് കാഹളമുയർന്നതോടെ മണ്ണാർക്കാട് യു.ഡി.എഫിൽ സ്ഥാനാർഥി ചർച്ചകൾ സജീവം. ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മിന്നും മുന്നേറ്റവും തദ്ദേശ തെരെഞ്ഞെടുപ്പിലെ മേൽകോയ്മയുമെല്ലാം അനുകൂലമായി കാണുന്ന യു.ഡി.എഫ് ഏറെ പ്രതീക്ഷയോടെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നോക്കി കാണുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി ആരാകണമെന്നത് സംബന്ധിച്ച് നേതൃത്വത്തില്‍ രഹസ്യമായും, അണികളില്‍ പരസ്യമായും ചർച്ചകളും ഒപ്പം ആശയകുഴപ്പവും പ്രകടമാണ്. ഹാട്രിക് ജയം നേടി എം.എല്‍.എ ആയി തുടരുന്ന എന്‍.ഷംസുദ്ദീന്‍ വീണ്ടും മത്സരിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ പ്രാദേശികവികാരം ഉയര്‍ന്നതാണ് ലീഗ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും മണ്ണാർക്കാട് പ്രാദേശിക വാദം ശക്തമായിരുന്നു. ഇത്തവണയും മണ്ണാർക്കാട് നിന്ന് ഒരാൾ മത്സരിക്കണമെന്നാവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. മണ്ണാർക്കാട് നഗരസഭ മുന്‍ ചെയര്‍മാനും ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവുമായ സി.മുഹമ്മദ് ബഷീറിന്റെ പേരാണ് മൽസരരംഗത്തേക്ക് ഉയര്‍ന്നിട്ടുള്ളത്.
ഇതുസംബന്ധിച്ച് നേതാക്കളാരും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം അണിയറയില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് പ്രാദേശിക നേതൃത്വത്തില്‍നിന്നുള്ള വിവരം. നഗരസഭ ചെയർമാൻ എന്ന നിലയിൽ സി. മുഹമ്മദ് ബഷീർ മണ്ണാർക്കാട് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആളാണ്.
എം.എൽ.എ എന്ന നിലയിൽ ഷംസുദ്ദീൻ ഒന്നര പതിറ്റാണ്ടിനിടെ മണ്ഡലത്തിൽ ഉണ്ടാക്കിയ വേരോട്ടവും ചെറുതല്ല. രണ്ടു പേരും വികസന നായകന്മാർ എന്നാണ് അറിയപ്പെടുന്നതെന്നതിനാൽ നേതൃത്വത്തിന് തീരുമാനം ഏറെ നിർണയകമാണ്.
മൂന്നുതവണ ജനപ്രതിനിധിയായവര്‍ മത്സരിക്കേണ്ടതില്ലെന്ന മാനദണ്ഡത്തില്‍ ലീഗ് ഉന്നതനേതൃത്വം ഉറച്ചുനിന്നാല്‍ എന്‍.ഷംസുദ്ദീന്‍ മാറിനില്‍ക്കേണ്ടിവരും. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ലീഗ് സംസ്ഥാന നേതൃ യോഗം വിജയസാധ്യത കണക്കിലെടുത്ത് മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കുന്നതിൽ ചില മണ്ഡലങ്ങളിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ല നേതൃത്വം ഒരു പരിധി വരെ ഷംസുദ്ദീനൊപ്പമാണ്. മണ്ഡലം നിലനിർത്തുക എന്നതാണ് ലക്ഷ്യമെന്നും, ഷംസുദ്ദീന്റെ സ്ഥാനാർത്ഥിത്വം മാറ്റുന്നത് സംബന്ധിച്ച് നിലവിൽ ചർച്ചയൊന്നുമില്ലെന്നാണ് ജില്ല നേതാക്കൾ പറയുന്നത്.
പ്രാദേശികവികാരമാണ് നേതൃത്വം മാനിക്കുന്നതെങ്കില്‍ സി.മുഹമ്മദ് ബഷീറിന് അവസരമൊരുങ്ങുമെന്നാണ് ഒരുവിഭാഗം പറയുന്നത്. അതേസമയം, യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മണ്ണാര്‍ക്കാടിനൊരു മന്ത്രിസ്ഥാനമുണ്ടായിരിക്കുമെന്ന വികാരം പ്രാദേശികപാര്‍ട്ടി നേതാക്കള്‍ക്കിടയിലുമുണ്ട്.
അങ്ങനെയെങ്കില്‍ എന്‍.ഷംസുദ്ദീന്‍ വീണ്ടും മത്സരിക്കുമെന്നാണ് മറ്റൊരുവിഭാഗം നേതാക്കളും പറയുന്നത്. ലീഗിന് ഏറെ സ്വാധീനമുള്ള മണ്ണാര്‍ക്കാട് ഇത്തരം പ്രാദേശികവികാരത്തെ തള്ളാനും കൊള്ളാനും വയ്യെന്ന സാഹചര്യത്തിലാണ് നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

