അധികാരികൾ ഇതൊന്നു കാണണേ...
text_fieldsമങ്കരയിൽ തുരുമ്പെടുത്ത് നശിച്ച ലോറികൾ
മങ്കര: മങ്കര പൊലീസ് വർഷങ്ങൾക്ക് മുമ്പ് പിടിച്ചെടുത്ത വാഹനങ്ങൾ പാതയോരത്ത് തുരുമ്പെടുത്ത് നശിക്കുന്നു. മങ്കര-കോട്ടായി റോഡിൽ മങ്കര പൊലീസ് സ്റ്റേഷന് സമീപം പാതയോരത്താണ് വാഹനങ്ങൾ തുരുമ്പെടുത്ത് നശിച്ച് സ്ഥലം മുടക്കിയായി കിടക്കുന്നത്. റോഡോരം ചേർന്ന് കിടക്കുന്നതിനാൽ ഗതാഗതത്തിനും ഭീഷണി ഉയരുന്നുണ്ട്. മൂന്ന് ലോറികളടക്കം ലക്ഷങ്ങൾ വില പിടിപ്പുള്ള പത്ത് വാഹനങ്ങളാണ് ഇവിടെ കിടക്കുന്നത്. വാഹനത്തിന് ചുറ്റും രണ്ടാൾ ഉയരത്തിൽ കാടുമൂടി കിടക്കുന്നുണ്ട്. കാട്ടുപന്നി, ഇഴജന്തുക്കൾ, തെരുവ് നായ്ക്കൾ എന്നിവയുടെ താവളവുമായി ഇവിടം മാറികഴിഞ്ഞു.
വലിയ മൂന്ന് ലോറികളും ദ്രവിച്ച അവസ്ഥയിലാണ്. ഏകദേശം കാൽനൂറ്റാണ്ടിന് മുമ്പ് പിടിച്ചെടുത്തവയോ കേസുമായി ബന്ധപ്പെട്ടവയോ ആണ് ഈ വാഹനങ്ങൾ. ജില്ല കലക്ടറും പൊലീസ് മേധാവിമാരും മറ്റ് ബന്ധപ്പെട്ടവരും ഇതിന് ഉടനൊരു പരിഹാരം കാണണമെന്നാണ് പൊതുജാനാവശ്യം.

