മോഷണത്തിനിടെ വയോധിക ദമ്പതികളെ വെട്ടിയ കേസിൽ തെളിവെടുത്തു
text_fieldsവയോധിക ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ഗോവിന്ദരാജിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
ഒറ്റപ്പാലം: മോഷണത്തിനിടെ വയോധിക ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വെട്ടാനുപയോഗിച്ച മടവാൾ കണ്ടെടുത്തു. കഴിഞ്ഞ 11ന് പുലർച്ചെ രണ്ടിനാണ് വിമുക്ത ഭടനും റിട്ട. എസ്.ബി.ഐ അസി. മാനേജറുമായ പാലപ്പുറം മുണ്ടഞ്ഞാറ ആട്ടീരി വീട്ടിൽ സുന്ദരേശൻ (74), ഭാര്യ ലക്കിടി കെ.എം.എസ്.ബി സ്കൂൾ റിട്ട. അധ്യാപിക അംബിക ദേവി (67) എന്നിവരെ വീട്ടിൽ അതിക്രമിച്ച് കടന്ന മോഷ്ടാവ് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ തമിഴ്നാട് പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജ് എന്ന പൂച്ചാണ്ടി ഗോവിന്ദരാജാണ് (50) പിടിയിലായത്. വീട്ടിൽ നിന്ന് കവർന്ന മൊബൈൽ ടവർ ലൊക്കേഷനും സി.സി.ടി.വി ദൃശ്യങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ സംഭവം നടന്ന് ഒരു മണിക്കൂറിനകം പ്രതിയെ പിടികൂടിയിരുന്നു. കേസിലെ സുപ്രധാന തെളിവായ വെട്ടാനുപയോഗിച്ച ആയുധം കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതേ തുടർന്നാണ് തെളിവെടുപ്പിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. സംഭവം നടന്ന വീടിന് സമീപത്തെ കുളത്തിന്റെ പടവുകൾക്കിടയിൽ നിന്നാണ് മടവാൾ കണ്ടെടുത്തത്. വീട്ടിലെ പോർച്ചിൽ നിന്നാണ് പ്രതി മടവാൾ കൈക്കലാക്കിയത്.
മറ്റൊരു മോഷണ കേസിൽ ഏപ്രിൽ ഒന്നിന് കോയമ്പത്തൂർ ജയിലിലായ ഗോവിന്ദരാജ് നവംബർ അഞ്ചിനാണ് പുറത്തിറങ്ങിയത്. തുടർന്ന് പാലക്കാട് നഗരത്തിലെത്തിയ ഇയാൾ ഒരു മൊബൈൽ മോഷ്ടിച്ച് 2000 രൂപക്ക് കടയിൽ വിറ്റ ശേഷമാണ് ഒറ്റപ്പാലത്ത് എത്തിയതെന്നായിരുന്നു നേരത്തെ നൽകിയ മൊഴി.
എന്നാൽ തൃശൂരിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൻെറ അടിസ്ഥാനത്തിൽ തൃശൂർ പൊലീസുമായി അന്വേഷണ സംഘം ബന്ധപ്പെടും. പ്രതിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എസ്.ഐ പി.ശിവശങ്കരന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ശനിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

