തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മുന്നണികൾ
text_fieldsമണ്ണാര്‍ക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലമര്‍ന്ന് സ്ഥാനാര്‍ഥികളും മുന്നണികളും. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി കഴിഞ്ഞു. മുന്നണികളുടെ സംസ്ഥാന-ജില്ല നേതാക്കളും പ്രാരണത്തിനെത്തിയതോടെ അണികളും ആവേശത്തിലായി. കണ്‍വെന്‍ഷനും നടക്കുന്നുണ്ട്. സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ണാര്‍ക്കാട് നഗരസഭ തെരഞ്ഞെടുപ്പിന് ആവേശംകൂട്ടാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, വി.കെ. ശ്രീകണ്ഠന്‍ എം.പി എന്നിവർ യു.ഡി.എഫ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല എന്നിവരും വിവിധ ഭാഗങ്ങളിലെ കണ്‍വെന്‍ഷനുകളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇടതുമുന്നണിയുടെ പ്രചാരണത്തിന് ആവേശം പകരാനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വെള്ളിയാഴ്ച മണ്ണാര്‍ക്കാടെത്തിയിരുന്നു.
ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ഉള്‍പ്പെടെ ജില്ല നേതാക്കളും തെങ്കരയില്‍ നടന്ന പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു. വരും ദിവസങ്ങളില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളും പ്രചാരണങ്ങള്‍ക്കായി മണ്ണാര്‍ക്കാടെത്തും. ഗൃഹസന്ദര്‍ശനത്തിലൂടെ വോട്ടുറപ്പിക്കാനാണ് സ്ഥാനാര്‍ഥികളുടെയും അണികളുടെയും ശ്രമം. പല സ്ഥാനാര്‍ഥികളും വാര്‍ഡില്‍ ഒന്നിലധികം തവണ വോട്ടര്‍മാരെ കണ്ടുകഴിഞ്ഞു. നാലാള് കൂടുന്നിടത്തെല്ലാം സ്ഥാനാര്‍ഥിയുടെ സാന്നിധ്യവും വോട്ടഭ്യര്‍ഥനയും എത്തിക്കാന്‍ അണികളും പ്രയത്നിക്കുന്നു. ഉത്സവകാലമായതോടെ വോട്ടര്‍മാരെ കൂട്ടത്തോടെ സ്ഥാനാര്‍ഥികള്‍ക്ക് കാണാനും വോട്ടഭ്യര്‍ഥിക്കാനും അവസരമൊരുങ്ങി. ഭീമനാട്, തെങ്കര പൂരനഗരിയില്‍ ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ സജീവസാന്നിധ്യമുണ്ടായിരുന്നു.
അവധി ദിവസങ്ങളിലും വിശ്രമമില്ലാത്ത പ്രചാരണത്തിലാണ്. കൂടുതല്‍ ഇടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ പതിക്കുകയും സ്വകാര്യവ്യക്തികളുടെ വീടിന്റെ മതിലുകളില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവുമെല്ലാം വരച്ച് വോട്ടുറപ്പിക്കുകയുമാണ് അണികള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വോട്ടഭ്യര്‍ഥനയും കൊഴുക്കുകയാണ്. യുവസ്ഥാനാര്‍ഥികള്‍ റീല്‍സുകളുമായി കളംനിറയുന്നുണ്ട്. നഗരസഭയില്‍ സേവ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വോട്ടുവണ്ടിയില്‍ വികസനകാഴ്ചപ്പാടുകള്‍ പങ്കുവെക്കാൻ അവസമൊരുങ്ങിയതും സ്ഥാനാര്‍ഥികള്‍ക്ക് പ്രയോജനകരമായി.
അതേസമയം ആള്‍ക്കൂട്ടമുള്ള ഇടങ്ങളില്‍ വിവിധ മുന്നണി സ്ഥാനാര്‍ഥികളുടെ കണ്ടുമുട്ടലും രാഷ്ട്രീയം മറന്നുള്ള കുശലാന്വേഷണങ്ങളുമെല്ലാം തെരഞ്ഞെടുപ്പിന്റെ സൗഹൃദക്കാഴ്ചയും നല്‍കുന്നു. അതേസമയം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചിട്ടുണ്ട്. മുന്നണികളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികളും സ്വതന്ത്രരും മത്സരിക്കുന്ന ഇടങ്ങളില്‍ വാദപ്രതിവാദങ്ങളുമുണ്ട്. അതേസമയം കോണ്‍ഗ്രസില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന വിമതരെ പുറത്താക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

