കുരുത്തിച്ചാൽ കാണാം സുരക്ഷിതമായി
text_fieldsമണ്ണാർക്കാട്: കുരുത്തിച്ചാലിന്റെ പ്രകൃതി സൗന്ദര്യം സുരക്ഷിതമായി ആസ്വദിക്കാനുള്ള പദ്ധതിയുമായി ജില്ല പഞ്ചായത്ത് മുന്നോട്ട്. കുമരംപുത്തൂർ പഞ്ചായത്തിന്റെ പങ്കാളിത്തത്തോടെയാണ് ‘പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി’നടപ്പാക്കുന്നത്. ഇതിനായി 2025-26 വർഷിക പദ്ധതിയിൽ ജില്ല പഞ്ചായത്തും പഞ്ചായത്തും ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.
ദിനംപ്രതി നൂറുക്കണക്കിനു പേർ വിനോദത്തിനായി എത്തിച്ചേരുന്ന കുരുത്തിച്ചാലിൽ പതിയിരിക്കുന്ന അപകടം പതിനാലോളം പേരുടെ ജീവനാണ് ഇതിനോടകം അപഹരിച്ചത്. മനോഹരമായി ഒഴുകുന്ന വെള്ളത്തിന്റെ ഭംഗിയും സൈലന്റ് വാലി വനമേഖലയോട് ചേർന്നുള്ള പ്രകൃതിയുടെ പച്ചപ്പും നയനമനോഹര കാഴ്ചയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
എന്നാൽ പുഴയിലെ ചുഴികളും പാറക്കെട്ടുകൾക്കിടയിലെ ആഴമേറിയ ഇടങ്ങളും അപകടം വിളിച്ചുവരുത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സുരക്ഷിതമായി ഇവിടം സന്ദർശിക്കാനുള്ള സൗകര്യമൊരുക്കുന്ന ടൂറിസം വികസന പദ്ധതിക്കാണ് ജില്ല പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്.
കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാലിൽ തുടർച്ചയായി സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കി പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്ക് സുരക്ഷ സംവിധാനം സജ്ജീകരിച്ചുള്ള പദ്ധതിയുടെ ആവശ്യം ഏറേ കാലമായുള്ള ആവശ്യമാണ്. ഡിവിഷൻ മെംബർ ഗഫൂർ കോൽകളത്തിൽ ജില്ല പഞ്ചായത്ത് ഭരണസമിതി മുമ്പാകെ ഇത് സംബന്ധിച്ച് നിവേദനം നൽകുകയും പദ്ധതിയുടെ അനിവാര്യത ബോധിപ്പിച്ചിട്ടുള്ളതാണ്.
തുടർന്നാണ് ജില്ല പഞ്ചത്തിന്റെ വില്ലേജ് ടൂറിസം പദ്ധതിയിൽ കുരുത്തിച്ചാലിന് പദ്ധതിയുണ്ടാക്കി നടപ്പാക്കാൻ തീരുമാനമായത്. വ്യൂ പോയിൻറ്, സെൽഫി പോയിൻറ്, തൂക്ക് പാലം, കുളിക്കടവ് എന്നിവയും പുഴയിലറങ്ങാൻ കഴിയാത്ത കൈവരികളും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ ഒന്നാം ഘട്ട വികസന പ്രവൃത്തികൾ ആരംഭിക്കാൻ നടപടി കൈകൊള്ളാൻ ജില്ല പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി ഗഫൂർ കോൽക്കളത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

