ലഹരിക്കെതിരെ കുടുംബസമേതം കുമരേഷ്
text_fieldsകൊല്ലങ്കോട്: ലഹരിക്കെതിരെ കുടുംബസമേതം പോരാടുകയാണ് തയ്യൽ തൊഴിലാളി കുമരേഷ് വടവന്നൂർ. 48 വയസ്സുള്ള കുമരേഷ്, ഭാര്യ ശുഭ, മൂത്ത മകൾ കാവ്യ, ഇളയമകൾ കാരുണ്യ എന്നിവർ ചേർന്ന് ലഹരിക്കെതിരെ എഴുതി ആലപിച്ച 'യോദ്ധാവ്' കവിത സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 10 വർഷമായി കവിതകളും പാട്ടുകളും രചിക്കുന്ന കുമരേഷ്, ഇതിനകം 220 കവിത എഴുതിയിട്ടുണ്ട്. ലഹരി, പലിശ, ചൂതാട്ടം, ബാലപീഡനങ്ങൾ എന്നീ സാമൂഹിക തിന്മകൾക്കെതിരെയാണ് മിക്ക കവിതകളും.
നാടൻപാട്ട് ഗായകരായ പ്രസീത ചാലക്കുടി, ലിസ്ന മണിയൂർ, ചെങ്ങന്നൂർ ശ്രീകുമാർ, മണി താമര, കെ.കെ. കോട്ടിക്കുളം, റീനിഷ് അത്തോളി, റിനിത റിജു, പ്രസാദ് കല്ലടിക്കോട് ഷൈജു കാലിക്കറ്റ് ഉൾപ്പെടെ പത്തോളം പേർ കുമരേഷ് രചിച്ച ഗാനങ്ങൾ പാടിയിട്ടുണ്ട്. ഇതിനു പുറമെ വർഷംതോറും കലാഭവൻ മണിയെക്കുറിച്ച് എഴുതിയ പാട്ടുകളും പുറത്തിറക്കുന്നുണ്ട്. 'ഗ്രാമീണ നാദം' നാടൻപാട്ട് സംഘം രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയാണിപ്പോൾ. സർക്കാറിന്റെ ലഹരിക്കെതിരെ കാമ്പയിൻ കഴിഞ്ഞാലും കൂടുതൽ കവിതകൾ എഴുതി ഭാര്യ, മക്കളുമായി ചേർന്ന് ആലപിച്ച് ബോധവത്കരണം തുടരുമെന്ന് കുമരേഷ് പറഞ്ഞു. മൂത്ത മകൾ കാവ്യ ചിറ്റൂർ കോളജിലെ ബി.എസ്സി ബോട്ടണി രണ്ടാം വർഷവും ഇളയമകൾ കാരുണ്യ കുമരേഷ് വടവന്നൂർ വേലായുധ മെമ്മോറിയൽ ഹൈസ്കൂളിൽ 10ാം തരം വിദ്യാർഥിനിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

