കുടുംബശ്രീ ഇംഗ്ലീഷ് ഭാഷ പഠന പരിശീലനത്തിന് തുടക്കം
text_fieldsഅഗളി: കുടുംബശ്രീ സംസ്ഥാന മിഷൻ തദ്ദേശീയ മേഖലയിലെ കുട്ടികളെ കേന്ദ്രീകരിച്ച് നടത്തുന്ന ഇംഗ്ലീഷ് ഭാഷപഠന പരിശീലനത്തിന് അട്ടപ്പാടിയിൽ തുടക്കം. ആഗോള ഭാഷയായ ഇംഗ്ലീഷിലൂടെ ഭാഷ വൈദഗ്ധ്യം വികസിപ്പിക്കുക, വിവിധ തൊഴിൽ മേഖലകളിലേക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കും തദ്ദേശീയ മേഖലയിലെ കുട്ടികളെ കൈപിടിച്ചുയർത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യം.
അട്ടപ്പാടിയിലെ 204 കുട്ടികളാണ് തദ്ദേശീയ മേഖലയിൽനിന്ന് രജിസ്റ്റർ ചെയ്തത്. അതിൽനിന്ന് 122 കുട്ടികൾ ഏപ്രിൽ 23ന് നടന്ന ഓറിയന്റേഷനിലും സ്ക്രീനിങിലും പങ്കെടുത്തു. കുട്ടികളെ അഞ്ച് ബാച്ചുകളായി തിരിച്ചാണ് ഭാഷ വിദഗ്ദരായ റിസോഴ്സ് പേഴ്സൻമാരുടെ നേതൃത്വത്തിൽ സ്ക്രീനിങ് പൂർത്തിയാക്കിയത്. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 കുട്ടികൾക്ക് രണ്ട് ബാച്ചുകളായി ഒരുവർഷം നീളുന്ന പരിശീലനമാണ് പദ്ധതി വഴി നടപ്പാക്കുക. ഇതിന്റെ ആദ്യ രണ്ട് റെസിഡൻഷ്യൽ ക്യാമ്പുകൾ മേയിൽ പൂർത്തിയാക്കും.
ചടങ്ങിൽ കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസി. പ്രോജക്ട് ഓഫിസർ ബി.എസ്. മനോജ് അധ്യക്ഷത വഹിച്ചു. ഷോളയൂർ പഞ്ചായത്ത് സമിതി കോഓഡിനേറ്റർ ഷൈനി സ്വാഗതം പറഞ്ഞു. പ്രോജക്ട് കോഓഡിനേറ്റർ കെ.ജി. ജോമോൻ പദ്ധതി അവതരിപ്പിച്ചു. കുറുമ്പ പഞ്ചായത്ത് സമിതി സെക്രട്ടറി കുറുമ്പി കണ്ണൻ, പഞ്ചായത്ത് സമിതി കോഓഡിനേറ്റർ ഗീത, ആർ.പി മാരായ അമൃത, ഹസനത്ത്, നീഹ ബോബി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

