താങ്ങായി, തണലായി ‘കൃപ’
text_fieldsആലത്തൂർ വാനൂരിൽ പ്രവർത്തിക്കുന്ന കൃപ പാലിയേറ്റീവ് കെയർ
ഒരു പതിറ്റാണ്ട് മുമ്പ് ആലത്തൂർ താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച ‘കൃപ’പാലിയേറ്റീവ് കെയർ ക്ലിനിക്ക് തലയുയർത്തി നിൽക്കുന്നു, അശരണർക്ക് ആശ്വാസമായിആലത്തൂർ: വിധിക്ക് മുന്നിൽ തളർന്ന് പോയ ഹതഭ്യാഗ്യരായ ഒരുപറ്റം മനുഷ്യർക്ക് താങ്ങും തണലുമാണ് ഒരു പതിറ്റാണ്ട് മുമ്പ് ആലത്തൂർ താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച ‘കൃപ’പാലിയേറ്റീവ് കെയർ ക്ലിനിക്ക്.
കിടപ്പിലായ നിരവധി രോഗികൾക്ക് സാന്ത്വന ശുശ്രൂഷ നൽകി നിർധന കുടുംബങ്ങളെ ചേർത്ത് പിടിക്കുന്ന ഈ സ്ഥാപനം, പ്രദേശത്തെ അശരണരുടെ അത്താണികൂടിയാണ്. കാൻസർ ബാധിതർ, കിഡ്‌നി രോഗികൾ, മാരകമായ അസുഖം കാരണം ദീർഘകാല പരിചരണം ആവശ്യമുള്ളവർ, വാർധക്യസഹജമായ അവശതയനുഭവിക്കുന്നവർ, ശരീരം മുഴുവനായോ ഭാഗികമായോ തളർന്ന് പോയവർ തുടങ്ങി 350ഓളം രോഗികളാണ് നിലവിൽ കൃപയുടെ പരിചരണത്തിലുള്ളത്.
തുടക്കം മുതൽ തന്നെ അശരണരെ പരിചരിച്ചും അവർക്കാവശ്യമായ മരുന്നുകളും ഭക്ഷ്യസാധനങ്ങളും സൗജന്യമായി വീടുകളിലെത്തിച്ച് നൽകിയും സേവന രംഗത്ത് കർമനിരതരാണ് കൃപയുടെ പ്രവർത്തകർ. കോവിഡ് കാലത്ത് എല്ലാവരും വീട്ടിനകത്തായ സന്ദർഭങ്ങളിലും സേവനം മുടക്കിയിരുന്നില്ല.എല്ലാ ദിവസവും രോഗികളുടെ വീടുകളിൽ പോയി പരിചരിക്കുന്നതിന് ആവശ്യമായ വാഹനങ്ങളും നഴ്‌സുമാരും വളന്‍റിയർമാരും ഉൾപ്പെടുന്ന സേവന വിഭാഗവും ക്ലിനിക്കിനുണ്ട്.
ഹോം കെയറുകളിലൂടെ മുറിവ് കെട്ടൽ, കുളിപ്പിക്കൽ, കെട്ടിക്കിടക്കുന്ന മലം ഒഴിവാക്കൽ, ഭക്ഷണം കഴിക്കുന്നതിനും മൂത്രം പോകുന്നതിനുമായി ട്യൂബിടൽ, രക്ത പരിശോധന, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങൾ നൽകുന്നതോടൊപ്പം ആവശ്യമായ സർജിക്കൽ ഉപകരണങ്ങൾ, ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കുകയും ചെയ്യുന്നു. ആലത്തൂർ വാനൂർ നൂർനഗറിൽ സ്ഥിതിചെയ്യുന്ന ക്ലിനിക്കിൽ ആഴ്ച്ച തോറും ഒ.പി. പരിശോധന, ഫിസിയോതെറാപ്പി ചികിത്സ എന്നിവയും നടക്കുന്നു.
കൃപയിൽ രജിസ്റ്റർ ചെയ്ത രോഗികൾക്കും കുടുംബങ്ങൾക്കും സൗജന്യമായി മരുന്ന്, പഠനോപകരണം, പലവ്യജ്ഞന കിറ്റ്, അരി, വളരെ ദരിദ്രരായവർക്ക് പെൻഷൻ എന്നിവയും ഒരു ദശാബ്ദക്കാലമായി മുടങ്ങാതെ ഇവർ നൽകുന്നുണ്ട്. വളന്‍റിയർമാർക്കും പൊതുജനങ്ങൾക്കുമായി പരിശീലന പരിപാടികളും ബോധവത്കരണ ക്ലാസുകളും പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് രോഗികളെ പങ്കെടുപ്പിച്ചുള്ള കുടുംബ സംഗമങ്ങൾ, വിനോദയാത്രകൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.
ജാതി മത ഭേദമന്യേ എല്ലാവർക്കും സമീപിക്കാവുന്ന ആശ്വാസകേന്ദ്രമാണ് കൃപ പാലിയേറ്റീവ് കെയർ.അഭ്യുദയകാംക്ഷികളും സഹകാരികളും നൽകുന്ന സഹായം കൊണ്ടാണ് ഇത്രയും വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നതെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു. അബ്ദുറഹ്‌മാൻ ഹൈദർ, പി.എസ്. അബൂഫൈസൽ, കെ.എം. അസനാർ കുട്ടി, എ.ഷബീർ, എ.അൻവർ സാത്തി, എ. അബുൽ അഅല എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു സംഘം വളണ്ടിയർമാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഫോൺ: 9605084343.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

