സി.പി.എം ഭരിക്കുന്ന നാഗലശ്ശേരി പഞ്ചായത്തിൽ വൻ അഴിമതിയെന്ന് സി.പി.ഐ
text_fieldsകൂറ്റനാട്: സി.പി.എം ഭരിക്കുന്ന നാഗലശ്ശേരി പഞ്ചായത്തിൽ ഭരണകക്ഷിക്കെതിരെ പ്രതിഷേധവുമായി സി.പി.ഐ. പഞ്ചായത്തിൽ വിവിധ പദ്ധതികളിലായി വൻ അഴിമതിയാണ് നടന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. നിലവിലെ ഭരണസമിതി എല്ലാ അഴിമതികൾക്കും പ്രോത്സാഹനം നൽകുകയാണ്. ലൈഫ് പദ്ധതിയിൽ മാത്രം ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയതോടെ ഗ്രാമസേവകനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും സി.പി.ഐ ഭാരവാഹികൾ പറഞ്ഞു.
അഴിമതി നടത്തിയ പ്രസിഡന്റടക്കമുള്ളവരെ പുറത്താക്കാൻ സി.പി.എം തയാറാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കൂറ്റനാട് സെന്ററിൽനിന്ന് തുടങ്ങിയ മാർച്ച് പഞ്ചായത്തിന് മുന്നിൽ സി.പി.ഐ തൃത്താല മണ്ഡലം സെക്രട്ടറി ടി. ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം സഹീർ മുഹമ്മദ് അധ്യക്ഷനായി. ധനീഷ് അരേകത്ത് മുഖ്യപ്രഭാഷണം നടത്തി.
കെ.ഡി. സുജിത്ത്, വി. മോഹൻദാസ്, പുല്ലൂടിയിൽ സുബ്രഹ്മണ്യൻ, ഷാജി ആമക്കാവ്, എം. അഷ്റഫ്, എം. നൗഷാദ് എന്നിവർ സംസാരിച്ചു.

