നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം
text_fieldsകൂറ്റനാട്: ചാലിശ്ശേരി തണത്ര പാലത്തിൽ നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാത തൃശൂർ, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തില്‍ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് അപകടം. കറുകപുത്തൂർ പെരിങ്ങന്നൂർ സ്വദേശി മൂലയിൽ വീട്ടിൽ അബുവിനാണ് (64) പരിക്കേറ്റത്.
കുന്നംകുളത്തുനിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരുന്ന ഇരുചക്ര വാഹനവും ചാലിശ്ശേരിയിൽനിന്ന് പെരുമ്പിലാവിലേക്ക് പോയ കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ കാറിലിടിച്ച് പാലത്തിന്റെ കൈവരിയുടെ പുറത്തേക്ക് വീണ് പാവറട്ടി ശുദ്ധജല വിതരണ പൈപ്പിന്റെ മുകളിൽ തങ്ങിനിന്നു.
തോട്ടിലേക്ക് വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പരിക്കേറ്റയാളെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
നിയന്ത്രണംവിട്ട കാർ തൃത്താല പരുതൂർ സ്വദേശിയുടേതാണ്. മേഖലയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. ചാലിശ്ശേരി, കുന്നംകുളം പൊലീസ് സ്ഥലത്തെത്തി.

