അകത്തേത്തറ സ്റ്റാൻഡിങ് കമ്മിറ്റി തോൽവി: ബി.ജെ.പിയിൽ പൊട്ടിത്തെറി
text_fieldsഅകത്തേത്തറ: ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയായ എൻ.ഡി.എയിലെ ബി.ജെ.പിയുടെ രണ്ട് സ്ഥിരംസമിതി സ്ഥാനാർഥികൾ തോറ്റതും എൽ.ഡി.എഫിന് രണ്ടു സമിതികളിൽ അധ്യക്ഷരെ വിജയിപ്പിക്കാൻ സാധിച്ചതും ബി.ജെ.പിയിൽ പൊട്ടിത്തെറിക്ക് വഴിയൊരുക്കി. വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും രണ്ടു സമിതികൾ നഷ്ടമായതാണ് ബി.ജെ.പിയിൽ അപസ്വരങ്ങൾ ഉയർത്തുന്നത്. ഈ വിഷയത്തിൽ അനധികൃതമായി ഇടപെട്ട സംസ്ഥാന നേതാവ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കുപ്പായം തയാറാക്കിവെച്ചതായി പഞ്ചായത്തിലെ പ്രവർത്തകരും നേതാക്കളുൾപ്പെടെയുള്ളവർ ആരോപിക്കുന്നു.
മുതിർന്ന പ്രവർത്തകരുമായി ആലോചിക്കാതെ സംസ്ഥാന നേതാവ് ഏകപക്ഷീയമായി അംഗങ്ങളെ സമിതികളിലേക്ക് എഴുതിക്കൊടുത്തതിന്റെ പരിണതഫലമാണ് രണ്ടു സമിതികൾ നഷ്ടപ്പെടാൻ കാരണമെന്നാണ് പൊതുവെ വിലയിരുത്തൽ. ആരോഗ്യ-വിദ്യാഭ്യാസം, വികസനകാര്യം എന്നീ സ്ഥിരംസമിതികളാണ് ബി.ജെ.പിക്ക് ഇല്ലാതായത്. അകത്തേത്തറയിൽ ബി.ജെ.പി നേടിയ ഉന്നത വിജയം പാർട്ടിയും സംഘപ്രസ്ഥാനങ്ങളും പ്രവർത്തകരും നടത്തിയ തീവ്രയത്നത്തിന്റെ ഫലമാണെന്നാണ് പ്രവർത്തകർ പറയുന്നത്. പ്രമുഖ നേതാവ് ഈ നേട്ടം സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പിൽ പതിവ് സ്ഥാനാർഥികൾക്കെതിരെയും പ്രതിഷേധം അലയടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

