അടുപ്പുകൾ അണയുന്നു; ഹോട്ടൽ മേഖലയിൽ വറുതിയുടെ തീക്കാറ്റ്
text_fieldsപാലക്കാട്: പുതുവർഷാരംഭത്തിൽതന്നെ പാചകവാതക വിലയിലുണ്ടായ കുത്തനെയുള്ള വർധനവ് സംസ്ഥാനത്തെ ഹോട്ടൽ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്നു. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 111 രൂപ വർധിപ്പിച്ചത് നിലനിൽപ്പിനായി പോരാടുന്ന ഹോട്ടൽ ഉടമകൾക്ക് ഇരുട്ടടിയായി. ഇതോടെ 19 കിലോ തൂക്കമുള്ള സിലിണ്ടറിന്റെ വില ആയിരത്തെഴുന്നൂറ് രൂപയോളമായി ഉയർന്നു. ഒരു വർഷത്തിനിടെ നാല് തവണയാണ് ഇത്തരത്തിൽ വില വർധിപ്പിച്ചത്.
ഗ്യാസ് വില വർധനവിന് പുറമെ അരി, പയർ വർഗങ്ങൾ, മാംസം എന്നിവയുടെ വിലക്കയറ്റവും മേഖലയെ ശ്വാസം മുട്ടിക്കുന്നു. കിലോക്ക് 160 രൂപവരെയായ കോഴിയറച്ചി വിലയും, എട്ട് രൂപയിലെത്തിയ മുട്ട വിലയും ഹോട്ടലുകളുടെ ബജറ്റ് പൂർണമായും തെറ്റിച്ചു. നിലവിൽ പാലക്കാട് ജില്ലയിൽ മാത്രം 18 ഹോട്ടലുകളാണ് നഷ്ടം സഹിക്കവയ്യാതെ പൂട്ടിയിരിക്കുന്നത്. ബാക്കിയുള്ളവയാകട്ടെ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.
ഭക്ഷണത്തിന് വില വർധിപ്പിച്ചാൽ സാധാരണക്കാരായ ഉപഭോക്താക്കൾ ഹോട്ടലുകളെ കൈവിടുമെന്ന ആശങ്കയിലാണ് ഉടമകൾ. ഗ്യാസ് വിലക്കൊപ്പം കെട്ടിട വാടക, വൈദ്യുതി നിരക്ക്, മാലിന്യ നിർമാർജന ഫീസ് എന്നിവയും താങ്ങാനാവാത്ത വിധം ഉയർന്നത് ചെറുകിട ഹോട്ടലുകളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. കൂടാതെ, അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കവും ഈ മേഖലയിൽ കടുത്ത തൊഴിലാളി ക്ഷാമം സൃഷ്ടിച്ചിട്ടുണ്ട്. വിമാന ഇന്ധനത്തിന് വില കുറച്ചപ്പോൾ സാധാരണക്കാരന്റെ വയറടിക്കുന്ന പാചകവാതകത്തിന് വില കൂട്ടിയത് ക്രൂരമായ ഇരട്ടത്താപ്പാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആരോപിച്ചു. നഷ്ടം സഹിച്ചും കച്ചവടം മുന്നോട്ട് കൊണ്ടുപോകാനാവാത്ത സാഹചര്യത്തിൽ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കുകയല്ലാതെ ഉടമകൾക്ക് മുന്നിൽ മറ്റ് വഴികളില്ല. ഈ അവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്ദുൽ റാസക്ക് എന്നിവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

