അനധികൃത ഇഷ്ടിക കളങ്ങൾ വീണ്ടും സജീവം
text_fieldsകൊല്ലങ്കോട് പ്രവർത്തിക്കുന്ന അനധികൃത ഇഷ്ടികക്കളം
നെന്മാറ: തെന്മലയോര പ്രദേശങ്ങളിൽ അനധികൃത ഇഷ്ടിക കളങ്ങൾ വീണ്ടും സജീവമായി. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, നെന്മാറ എന്നീ പ്രദേശങ്ങളിലാണ് അനധികൃത ഇഷ്ടികക്കളങ്ങൾ വ്യാപകമായത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ റവന്യൂ വകുപ്പ് പിടിച്ചെടുത്ത നാൽപതിലധികം ഇഷ്ടികക്കളങ്ങളിലെ ഇഷ്ടികകളും അന്ന് അനധികൃതമായി കൂട്ടിയിട്ടിരുന്ന മണ്ണും വീണ്ടും ഇഷ്ടികകൾ നിർമിക്കാൻ ഉപയോഗിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. നെൽവയൽ നീർത്തട സംരക്ഷണ നിയമം കാറ്റിൽ പറത്തിയാണ് ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കുന്നത്. പകൽസമയങ്ങളിലാണ് ഇഷ്ടിക നിർമാണം നടക്കുന്നതെങ്കിലും രാത്രികളിലാണ് ഇതിനായി മണ്ണ് ഖനനം നടത്തി കടത്തുന്നത്. പഞ്ചായത്ത്, റവന്യൂ അധികൃതരുടെ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ഇഷ്ടികക്കളങ്ങൾക്കെതിരായ പരാതികൾ ഫയലുകളിൽ ഉറങ്ങുകയാണ്.
ഒരു പരിശോധന മാത്രം നടത്തുന്ന വില്ലേജ് അധികൃതർ പിന്നീട് നടപടിയൊന്നും എടുക്കാറില്ലെന്നാണ് പരാതി. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന അനധികൃത മണ്ണ് ഖനന കേന്ദ്രങ്ങൾക്കും ഇഷ്ടികക്കളങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ തഹസിൽദാറും കലക്ടറും തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

