തോരാമഴ: ഡാമുകൾ തുറന്നു; പുഴകൾ നിറഞ്ഞൊഴുകുന്നു
text_fieldsമലമ്പുഴയിൽ മഴ ശക്തമായതോടെ മലമുകളിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം
പാലക്കാട്: കാലവർഷം കനത്തതോടെ ജില്ലയിൽ പരക്കെ നാശം. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മംഗലം, ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഡാമുകൾ തുറന്നതോടെ പുഴകളെല്ലാം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
കാഞ്ഞിരപ്പുഴ ഡാമിന്റെ എല്ലാ സ്പില്‍വേ ഷട്ടറുകളും 30 സെന്റീമീറ്റർ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പുഴ തുറന്നതോടെ കുന്തിപ്പുഴയിൽ വെള്ളമൊഴുക്ക് വർധിച്ചു. മംഗലം ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകൾ 40 സെന്റീമീറ്ററും മീങ്കര ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതവും തുറന്നിട്ടുണ്ട്. ശിരുവാണി ഡാമിന്റെ റിവർ സ്ലൂയിസ് ഷട്ടർ 50 സെ.മീ മുതൽ 100 സെമീ വരെ ഉയർത്തിയതായി എക്സിക്യുട്ടീവ് എൻജിനീയര്‍ അറിയിച്ചു.
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ വെള്ളിയാഴ്ച തുറക്കും. മീങ്കര ഡാം തുറന്നതിനാൽ ആലമ്പള്ളം പാലം കരകവിഞ്ഞൊഴുകുകയാണ്. ഭാരതപ്പുഴയും നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. പട്ടാമ്പി പാലം തൊട്ടാണ് പുഴയുടെ ഒഴുക്ക്. മലമ്പുഴ തുറന്നാൽ ജലനിരപ്പ് ഇനിയും ക്രമാതീതമായി വർധിക്കും. ജില്ലയുടെ പലഭാഗങ്ങളിലും വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. കൃഷിനാശവും കനത്തതാണ്.
മംഗലം ഡാം തുറക്കുന്നത് വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കാവശ്ശേരി, പുതുകോട്, മേലാർകോട്, കണ്ണമ്പ്ര പഞ്ചായത്തുകളെയും ശിരുവാണി ഡാം തുറന്നതോടെ ഷോളയൂർ, അഗളി പഞ്ചായത്തുകളെയും കാഞ്ഞിരപ്പുഴ ഡാം തുറന്നത് തച്ചമ്പാറ, കരിമ്പുഴ, കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, തച്ചനാട്ടുകര പഞ്ചായത്തുകളെയും മലമ്പുഴ ഡാം തുറക്കുന്നത് അകത്തേത്തറ, മലമ്പുഴ, പറളി, മങ്കര, പുതുപരിയാരം, ലക്കിടി-പേരൂർ പഞ്ചായത്തുകളെയും പാലക്കാട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റികളെയും മീങ്കര ഡാം തുറന്നത് വടവന്നൂർ, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, കൊടുവായൂർ പഞ്ചായത്തുകളെയും ബാധിക്കുമെന്ന് ജില്ല അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

