ഹരിതകർമസേനക്ക് ഇ-മാലിന്യം നൽകാം, പണം വാങ്ങാം
text_fieldsപാലക്കാട്: വീടുകളിലും സ്ഥാപനങ്ങളിലും നിറയുന്ന ഇ-മാലിന്യം വില നൽകി ശേഖരിക്കാനൊരുങ്ങി ഹരിതകർമസേന. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ-മാലിന്യം ശേഖരിക്കാൻ ചൊവ്വാഴ്ച മുതൽ പ്രത്യേക കാമ്പയിൻ ആരംഭിക്കും. മാലിന്യത്തിന്റെ അളവനുസരിച്ച് തുക നിശ്ചയിച്ച് പണം നൽകും.
ആദ്യഘട്ടത്തിൽ കോർപറേഷൻ, നഗരസഭ പരിധിയിലുള്ള വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നാകും മാലിന്യമെടുക്കുക. രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. സംസ്കരിച്ച് ഉപയോഗിക്കാനാകുന്ന മാലിന്യത്തിനാണ് പണം ലഭിക്കുക. ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. സേനാംഗങ്ങൾക്കുള്ള പണം കമ്പനി നൽകുമെന്ന് ജില്ല മാനേജർ ആദർശ് ആർ. നായർ പറഞ്ഞു. യഞ്ജത്തിന് കുടുംബശ്രീയുടെ സഹകരണവുമുണ്ടാകും.
ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുന:ചംക്രമണ സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷമാനദണ്ഡങ്ങൾ, ഇ-മാലിന്യത്തിന്റെ വില, ഭവിഷ്യത്തുകൾ എന്നിവ കേന്ദ്രീകരിച്ച് ഹരിതകർമസേനാംഗങ്ങൾക്ക് പരിശീലനവും നൽകും. നിലവിൽ അജൈവ പാഴ്വസ്തു ശേഖരണ കലണ്ടർ പ്രകാരം തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഹരിതകർമസേന മുഖേന വർഷത്തിൽ രണ്ട് തവണ ഇ-മാലിന്യം ശേഖരിക്കാൻ ക്രമീകരണമുണ്ട്. എന്നാൽ ഇ-മാലിന്യം കൃത്യമായി ഹരിതകർമസേനക്ക് കൈമാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനായാണ് അവക്ക് വില നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം എം.സി.എഫ്, കണ്ടെയ്നർ എം.സി.എഫ് എന്നിവിടങ്ങളിൽ സൂക്ഷിക്കും. ഇവിടെനിന്ന് നിശ്ചിത ദിവസം ക്ലീൻ കേരള കമ്പനിയിലേക്ക് എത്തിക്കും. ജില്ലയിൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 3535 ടൺ അജൈവ മാലിന്യമാണ് ക്ലീൻ കേരള കമ്പനി നീക്കിയത്.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന ഇ-മാലിന്യങ്ങളുടെ പട്ടിക, പുന:ചംക്രമണം സാധ്യമായതും ആപത്ക്കരവുമായ ഇ-മാലിന്യങ്ങൾ ഏതൊക്കെ, പുന:ചംക്രമണ യോഗ്യമായവയുടെ ഇനം തിരിച്ചുള്ള വില വിവര പട്ടിക തുടങ്ങിയവ ജനങ്ങളിലേക്ക് എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങളാണ് നടപടികൾ സ്വീകരിക്കുക.
ഇ-മാലിന്യ ശേഖരണത്തിന്റെ വിവരങ്ങളും ഓരോ ഇ-മാലിന്യത്തിന്റെ വില വിവരങ്ങളും ഹരിതകർമ സേനാംഗങ്ങൾ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കും. ഇ-മാലിന്യ ശേഖരണ ദിവസവും സമയവും മുൻകൂട്ടി അറിയിക്കും. ഇ-മാലിന്യത്തിന്റെ വില കൃത്യമായി നിശ്ചയിച്ച് പണവും രസീതും ഗുണഭോക്താക്കൾക്ക് നൽകും. കാമ്പയിന് അയൽക്കൂട്ടം വഴി പ്രചാരണം നടത്തേണ്ടത് കുടുംബശ്രീയാണ്.
ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ
ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, വാഷിങ് മെഷീൻ (ഫ്രണ്ട് ലോഡ്), മെെക്രോവേവ് ഓവൻ, മിക്സർ ഗ്രെെൻഡർ, സീലിങ് ഫാൻ, ടേബിൾ ഫാൻ, ലാപ് ടോപ്, സി.പി.യു, സി.ആർ.ടി മോണിറ്റർ, മൗസ്, കീബോർഡ്, എൽ.സി.ഡി മോണിറ്റർ, എൽ.സി.ഡി/എൽ.ഇ.ഡി ടെലിവിഷൻ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, തേപ്പുപെട്ടി, മോട്ടോർ, സെൽ ഫോൺ, ടെലിഫോൺ, റേഡിയോ, എയർ കണ്ടീഷണർ, ബാറ്ററി, യു.പി.എസ്, സ്റ്റെബിലെെസർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, ഹാർഡ് ഡിസ്ക്, സി.ഡി ഡ്രെെവ്, സ്പീക്കർ, ഹെഡ്ഫോൺ, സ്വിച്ച് ബോർഡ്, എമർജൻസ് ലാമ്പ് തുടങ്ങി 44 ഇനം ഇ-മാലിന്യങ്ങളാണ് ശേഖരിക്കുക. ഇവക്ക് കിലോഗ്രാമിന് വില നിശ്ചയിച്ച് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

