കിലോമീറ്ററുകൾ സഞ്ചരിച്ച് പരിശീലനം: വേഗതാരമായത് കഠിനപ്രയത്നത്താൽ
text_fieldsകാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 16 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടുന്ന പാലക്കാട് ജില്ലയുടെ ആയുഷ് കൃഷ്ണ ചിത്രം -മുസ്തഫ അബൂബക്കർ
തേഞ്ഞിപ്പലം: ആഴ്ചയിൽ മൂന്നു ദിവസം 15 കിലോമീറ്റർ ബസിൽ സഞ്ചരിച്ച് പാലക്കാട് മെഡിക്കൽ കോളജ് മൈതാനത്തെത്തി പരിശീലനം നടത്തിയ ചിറ്റൂർ സ്വദേശി ആയുഷ് കൃഷ്ണക്ക് അണ്ടർ 16 വിഭാഗം 100 മീറ്ററിൽ സ്വർണം.
പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ താരം ചിറ്റൂർ യങ്സ്റ്റേഴ്സിന് വേണ്ടിയാണ് ട്രാക്കിലിറങ്ങിയത്. സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ തുടർച്ചയായി നാലു വർഷം മത്സരിച്ച ആയുഷ് കൃഷ്ണ മൂന്നുതവണ 100 മീറ്ററിൽ പൊന്നണിഞ്ഞിട്ടുണ്ട്. 2021ലെ സൗത്ത് സോൺ നാഷനലിലും സംസ്ഥാന ജൂനിയർ അത്ലറ്റിക്സിലും സ്വർണം ചൂടി. ജൂനിയർ നാഷനലിൽ വെള്ളിയും നേടി.
ആയുഷ് കൃഷ്ണക്ക് ഒളിമ്പ്യനാകാനാണ് മോഹം. എന്നാൽ, ശാസ്ത്രീയമായി പരിശീലനം നടത്തി മുന്നേറാൻ സ്കൂളിൽ സൗകര്യങ്ങളില്ല. 12ാം വയസ്സിലായിരുന്നു 100 മീറ്ററിലെ തുടക്കം. അന്ന് കാര്യമായ പ്രകടനം നടത്താനായില്ല. എന്നാൽ, പിന്നീട് കഠിനപ്രയത്നവും ആത്മസമർപ്പണവും കൈമുതലാക്കി മുന്നേറുകയായിരുന്നു. സെൻട്രിങ് ജോലിക്കാരനായ ഉണ്ണികൃഷ്ണന്റെയും പ്രേമലതയുടെയും മകനായ ആയുഷ് കായികാധ്യാപകൻ അരവിന്ദാക്ഷന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

