ഗുഡ്സ് ഓട്ടോ ഇടിച്ച് കൊടുമുണ്ട റെയിൽവേ ഗേറ്റ് തകർന്നു
text_fieldsപട്ടാമ്പി: കൊടുമുണ്ട ഗേറ്റിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് റെയിൽവേ ഗേറ്റ് തകർന്നു. ഇതോടെ പട്ടാമ്പി-മുതുതല റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഗേറ്റ് അടക്കും മുമ്പ് കടന്നുപോകാനുള്ള ഗുഡ്സ് ഓട്ടോയുടെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. ട്രെയിൻ പോകുന്നതിന് ഗേറ്റ് അടച്ചു തുടങ്ങിയപ്പോൾ അതിവേഗത്തിലെത്തിയ ഗുഡ്സ് ഓട്ടോ ആദ്യ ഗേറ്റ് കടന്നു.
രണ്ടാമത്തെ ഗേറ്റ് കടക്കും മുമ്പ് താഴ്ന്നതിനാൽ ഗുഡ്സ് ഓട്ടോ ഗേറ്റിലിടിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ പാളത്തിൽ നിർത്തിയിട്ടു. സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ട്രെയിൻ കടന്നുപോയത്. റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി ഗേറ്റ് അറ്റകുറ്റപ്പണി നടത്തി. വൈകുന്നേരം നാലുമുതൽ മണിക്കൂറുകളോളം ബദൽ വഴികളിലൂടെയായിരുന്നു ഗതാഗതം.

