ജില്ല ആശുപത്രിയിൽ തീപിടിത്തം
text_fieldsതീപിടിത്തത്തിൽ ജില്ല ആശുപത്രിയിലെ സ്റ്റോർ റൂം കത്തിനശിച്ച നിലയിൽ
പാലക്കാട്: ജില്ല ആശുപത്രി സ്റ്റോർ റൂമിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ചെ 2.40നാണ് ആശുപത്രിയുടെ താഴത്തെ നിലയിലുള്ള വനിതകളുടെ വാർഡിന് സമീപത്തെ സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായത്. റെക്കോർഡുകളും മരുന്നുകളും സൂക്ഷിക്കുന്ന മുറിയിലാണ് തീപിടിച്ചത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരാണ് ആദ്യം കണ്ടത്. ഉടൻ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 46 പേരെയും ഐ.സി.യുവിൽ ഉണ്ടായിരുന്ന 16 പേരെയും മറ്റു വാർഡുകളിലേക്ക് മാറ്റിയതായി ജില്ല ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ അറിയിച്ചു. നഴ്സിങ് സ്റ്റേഷനും ഇതിന് സമീപത്തുതന്നെയായിരുന്നു. മുറിയിൽ നിന്ന് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാറ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു. ആർക്കും പരുക്കോ മറ്റ് അപകടങ്ങളോ ഇല്ല.
വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പാലക്കാട് അഗ്നിരക്ഷാസേന ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പാലക്കാട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വി.എസ്. അനിൽ കുമാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വി. പ്രസാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രഞ്ജിഷ്, സതീഷ്, അഷറഫ്, ശ്രീജിത്ത്, സഞ്ജിത്, അശോകൻ, അമൽ പ്രഭ, അനീസ്, ഫയർ വുമൺ ശ്രുതി, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ ഷമീർ, ശിവദാസൻ, ഹോംഗാർഡ് രതീഷ് എന്നിവർ പങ്കെടുത്തു. പൊലീസും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

