തുലാമഴ കനത്തു: ജില്ലയിൽ തുറന്നത് എട്ട് ഡാമുകൾ
text_fieldsപാലക്കാട്: തുലാമഴ കനത്തതോടെ ഡാമുകൾ നിറഞ്ഞു. ജില്ലയിൽ തുറന്നിരിക്കുന്നത് എട്ട് ഡാമുകൾ. മലമ്പുഴ, മീങ്കര, വാളയാർ, ചുള്ളിയാർ, മംഗലം, കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളും മൂലത്തറ റെഗുലേറ്ററുമാണ് പരമാവധി സംഭരണശേഷിയോട് അടുത്തതിനാൽ നിലവിൽ തുറന്നത്.
രാവിലെ മുതൽ വൈകീട്ടുവരെ വെയിലും വൈകീട്ട് മുതൽ ഇടിയും മിന്നലോടും കൂടിയുള്ള മഴയുമാണ് നിലവിലെ കാലാവസ്ഥ. ശക്തമായ മഴയാണ് കഴിഞ്ഞദിവസങ്ങളിൽ നഗരത്തിലുൾപ്പെടെ ലഭിച്ചത്. മലമ്പുഴ ഡാമിന്റെ നാലു സ്പിൽവേ ഷട്ടറുകളും തുറന്നിട്ടുണ്ട്. 20 സെ.മീ വീതമാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുന്നത്. കുടിവെള്ളത്തിനായും ജലവിതരണം നടത്തുന്നുണ്ട്. 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 115.03 മീറ്ററാണ് ജലനിരപ്പ്.
മീങ്കര ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ ഒരു സെ.മീ വീതം തുറന്നിട്ടുണ്ട്. 156.36 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ ഞായറാഴ്ച ജലനിരപ്പ് 156.13 മീറ്ററിലെത്തി. 203 മീറ്റർ സംഭരണശേഷിയുള്ള വാളയാർ ഡാമിൽ 202.76 മീറ്റർ വരെ ജലനിരപ്പെത്തി. ഒരു ഷട്ടർ ഒരു സെ.മീ തുറന്നിട്ടുണ്ട്. ചുള്ളിയാർ ഡാമിന്റെ ഒരു ഷട്ടർ മൂന്ന് സെ.മീ ആണ് തുറന്നിട്ടുള്ളത്. 154.08 മീറ്റർ പരമാവധി ജലനിരപ്പുള്ള ഡാമിൽ നിലവിൽ 153.77 മീ. ജലനിരപ്പുണ്ട്. മംഗലം ഡാമിന്റെ ആറു ഷട്ടറുകളും തുറന്ന് വെള്ളം പുറത്തുവിടുന്നുണ്ട്. അഞ്ച് സെ.മീ വീതമാണ് ഷട്ടറുകൾ തുറന്നിട്ടുള്ളത്. 77.88 മീ. ആണ് ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവിൽ 77.35 മീ. വെള്ളമുണ്ട്. പോത്തുണ്ടി ഡാമിൽ ജലനിരപ്പ് പരമാവധിയോട് അടുത്തിട്ടുണ്ടെങ്കിലും ഷട്ടറുകൾ തുറന്നിട്ടില്ല. നിലവിൽ കുടിവെള്ള വിതരണം മാത്രമാണ് നടക്കുന്നത്.
കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെ.മീ വീതവും റിവർ സ്ലൂയിസ് രണ്ട് സെ.മീറ്ററും തുറന്നിട്ടുണ്ട്. ശിരുവാണി ഡാമിന്റെ റിവർ സ്ലൂയിസ് ആറു സെ.മീ ആണ് തുറന്നിട്ടുള്ളത്. മൂലത്തറ റെഗുലേറ്ററിന്റെ ഒരു ഷട്ടർ 50 സെ.മീറ്ററും രണ്ട് ഷട്ടറുകൾ 80 സെ.മീ വീതവും ഉയർത്തിയിട്ടുണ്ട്. മലമ്പുഴ, മീങ്കര, വാളയാർ, ചുള്ളിയാർ, മംഗലം, പോത്തുണ്ടി ഡാമുകൾ റെഡ് അലർട്ടിലാണ്. തിങ്കളാഴ്ച ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മാത്രം പാലക്കാട് മേഖലയിൽ 54.4 മി.മീ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ പെയ്തത് പാലക്കാടാണ്. ചിറ്റൂരിൽ 42 മി.മീറ്ററും പറമ്പിക്കുളത്ത് 40.5 മി.മീറ്ററും മഴ പെയ്തു. ഏറ്റവും കുറവ് മഴ ലഭിച്ചത് മണ്ണാർക്കാട് മേഖലയിലാണ്-7.6 മി.മീ. വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

