അനധികൃത മീറ്റർ സ്ഥാപിച്ച് കുടിവെള്ള മോഷണം; ഉപഭോക്താവിന് 25000 രൂപ പിഴ
text_fieldsപാലക്കാട്: അനധികൃത മീറ്റർ സ്ഥാപിച്ച് കുടിവെള്ളം മോഷ്ടിച്ചത് കണ്ടെത്തിയ സംഭവത്തിൽ ഉപഭോക്താവിൽനിന്ന് 25000 രൂപ പിഴയും കണക്കിൽപെടാതെ ഉപയോഗിച്ച വെള്ളത്തിന്റെ ചാർജായി 76916 രൂപയും ഈടാക്കി.
മീറ്റർ റീഡർ വരുന്ന രണ്ടുമാസത്തിലൊരിക്കൽ മാത്രം അംഗീകൃത മീറ്ററും അല്ലാത്ത ദിവസങ്ങളിൽ രേഖയിൽ ഇല്ലാത്ത മീറ്ററും ഉപയോഗിച്ച് കണക്കിൽപെടാത്ത വിധം ജലം ഉപയോഗിക്കുകയായിരുന്നു മരുത റോഡ് കാളിപ്പാറയിലെ ഉപഭോക്താവ്.
പ്ലംബിങിൽ അറിവുള്ള ഇയാൾ 2016 മുതൽ ഇത്തരത്തിൽ ജലമോഷണം നടത്തുകയായിരുണെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
കണക്ഷൻ ടാഗ്ചെയ്യാൻ സ്ഥലത്തെത്തിയ മീറ്റർ റീഡർ, രേഖയിൽ ഇല്ലാത്ത മീറ്ററാണ് വാട്ടർ ലൈനിൽ കണ്ടെത്തിയത്. വാട്ടർ അതോറിറ്റിയുടെ ബില്ലിങ് സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തിയ നമ്പറുള്ള മീറ്റർ അഴിച്ചുമാറ്റി വീട്ടിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു. പിന്നീട് വിവരമറിഞ്ഞ് അതോറിറ്റിയിലെ മറ്റ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ഉപഭോക്താവ് അനധികൃത മീറ്റർ അഴിച്ചുമാറ്റി ശരിയായ മീറ്റർ വാട്ടർ ലൈനിൽ സ്ഥാപിച്ചിരുന്നു.
കുറ്റം തൊണ്ടിസഹിതം തെളിഞ്ഞതോടെ ഉപഭോക്താവ് പിഴ അടക്കാൻ സന്നദ്ധത അറിയിച്ചു. മറ്റ് ഉപഭോക്താക്കൾ ഇത്തരത്തിൽ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ മിന്നൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

