ബുദ്ധമത വിശ്വാസികള്‍ക്ക് കാലതാമസമില്ലാതെ രേഖകള്‍ ലഭ്യമാക്കും; ന്യൂനപക്ഷ കമീഷന് സിറ്റിങ്ങിൽ ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി
text_fieldsപാലക്കാട്: ജില്ലയില്‍ എല്ലാ വില്ലേജിലും ബുദ്ധമത വിശ്വാസികളുമായി ബന്ധപ്പെട്ട മുഴുവന്‍ അപേക്ഷകളും തീര്‍പ്പായതായും പുതിയ അപേക്ഷകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുമെന്നും ജില്ല ഭരണകൂടം. സംസ്ഥാന ന്യൂനപക്ഷ കമീഷന് അംഗം എ. സൈഫുദ്ദീന് ഹാജിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിലാണ് ജില്ല ഭരണകൂടം ഇക്കാര്യം അറിയിച്ചത്.
ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികള്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മഹാബോധി മിഷന് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് എന്‍. ഹരിദാസ് ബോധ് നല്കിയ പരാതിയിലാണ് കമീഷന് നടപടി.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഇന്ത്യന്‍ കള്‍ച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ബുദ്ധിസം പഠനവിഷയമായുണ്ടെന്നും ഗൈഡുകള്‍, റിസര്‍ച്ച് അഡ്മിഷന് കമ്മിറ്റി എന്നിവരുടെ സമ്മതത്തോടെ ബുദ്ധിസ്റ്റ് പഠനത്തിന് കാലിക്കറ്റ് സര്‍വകലാശാല സന്നദ്ധമാണെന്നും സിറ്റിങ്ങില്‍ കമീഷന് അറിയിച്ചു.
സംസ്ഥാന സര്‍വകലാശാലകളില്‍ ബുദ്ധ ചെയര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പരാതിയിലാണ് മറുപടി നല്‍കിയത്. മറ്റു സര്‍വകലാശാലകള്‍ വിഷയം പരിശോധിച്ച് വരികയാണെന്നും ബുദ്ധമത വിശ്വാസികളുമായി ബന്ധപ്പെട്ട പരാതികള്‍ മുന്‍ഗണന ക്രമത്തില്‍ പരിഹരിക്കുമെന്നും കമീഷന് അംഗം പറഞ്ഞു. കിടപ്പുരോഗിയായ മുതുതല സ്വദേശിയുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി ജില്ല വനിത-ശിശു വികസന ഓഫിസര്‍ അറിയിച്ചു.
മഹല്ല് ജമാത്ത് അംഗത്വം റദ്ദാക്കിയതും മകളുടെ വിവാഹത്തിന് തടസ്സം നിന്നതും സംബന്ധിച്ച് തിരുവാഴിയോട് സ്വദേശി ബഷീര്‍ മുസ്ലിയാര് ജമാഅത്തിനെതിരെ നല്കിയ പരാതി പരിഗണിച്ച കമീഷന് മഹല്ല് അംഗത്വം റദ്ദാക്കാനുള്ള അധികാരം മഹല്ല് കമ്മിറ്റിക്ക് ഇല്ലെന്നും ആവശ്യമായ രേഖകള്‍ ശേഖരിച്ച് ബഷീര്‍ മുസ്ലിയാറിന്റെ അംഗത്വം പുനഃസ്ഥാപിക്കണമെന്നും നിര്‍ദേശിച്ചു.
അപേക്ഷ നല്‍കിയിട്ടും ദീര്‍ഘകാലമായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന തൃത്താല സ്വദേശി ടി.കെ. ഫൈറൂസയുടെ പരാതിയില്‍ തൃത്താല വില്ലേജ് ഓഫിസ് മുഖേന അപേക്ഷ നല്കി നിയമാനുസൃത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് റവന്യൂ അധികൃതര്‍ കമീഷന് ഉറപ്പുനല്‍കി. ആകെ 12 പരാതികളാണ് കമീഷന് പരിഗണിച്ചത്. ഇതില്‍ ഒമ്പത് എണ്ണം തീര്‍പ്പാക്കി. പുതുതായി ഒരു പരാതി ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

