മാത്തൂരിൽ ജലക്ഷാമത്തിന് കാരണം ജൽ ജീവൻ പദ്ധതി വൈകിപ്പിച്ചത്
text_fieldsമാത്തൂർ: പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശുദ്ധജലക്ഷാമം രൂക്ഷമാകാൻ പ്രധാന കാരണം ജൽ ജീവൻ മിഷൻ പദ്ധതി വൈകിപ്പിച്ചതാണെന്ന് ആക്ഷേപം. മാത്തൂരിൽ രണ്ടു വർഷം മുമ്പ് പണി തുടങ്ങിയ ജൽ ജീവൻ മിഷൻ പദ്ധതി പൂർത്തീകരിക്കാൻ ഇനിയും ഒട്ടേറെ പണികൾ ബാക്കിയുണ്ട്. ഈ പദ്ധതിക്കൊപ്പം പണി തുടങ്ങിയ കോട്ടായി പഞ്ചായത്തിലെ പദ്ധതി പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞു.
പഞ്ചായത്തിലെ ഒന്നാം വാർഡിൽ ആനയംകുണ്ട്, അഞ്ചാം വാർഡിൽ ആങ്കിരങ്കാട് പ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം അതിരൂക്ഷമായത്. ആനയംകുണ്ട് പ്രദേശത്തെ എഴുപത്തഞ്ചിൽ പരം കൂടുംബങ്ങൾക്ക് ജലവിതരണം നടത്തിയിരുന്നത് ആലിൻ ചുവട്ടിലെ മിനി കുടിവെള്ള പദ്ധതിയിൽ നിന്നായിരുന്നു. എന്നാൽ വേനൽ കനത്തതോടെ ഇതിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നും ഏതാനും ദിവസം ലോറിയിൽ വെള്ളമെത്തിച്ച് വിതരണം നടത്തിയെന്നും ജലക്ഷാമത്തിന് യുദ്ധകാലടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കുന്നുണ്ടെന്നും പഞ്ചായത്തംഗം ശിവദാസൻ പറഞ്ഞു.
ലോറിയിൽ വെള്ളമെത്തിക്കാനും കടമ്പകളേറെ
കോട്ടായി: പൊള്ളുന്ന വേനലിൽ ശുദ്ധജലത്തിനായി പ്രയാസപ്പെടുന്ന പ്രദേശങ്ങളിലേക്ക് അടിയന്തര പരിഹാരമായി ലോറിയിൽ വെള്ളമെത്തിക്കുന്നതിനും ഒട്ടേറെ കടമ്പകളെന്ന് പരാതി. വെള്ളമെത്തിക്കാൻ ലോറികളെ നിശ്ചയിക്കുന്നതിന് ആദ്യം ടെൻഡർ പരസ്യം നൽകണം. തുടർന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡർ എടുക്കുന്നവരെ ചുമതലപ്പെടുത്തും. ടെൻഡർ നടപടികളും മറ്റും പൂർത്തീകരിക്കാൻ ആഴ്ചകളെടുക്കും. ജലക്ഷാമത്താൽ പൊറുതിമുട്ടുന്ന കുടുംബങ്ങൾക്ക് പെട്ടെന്ന് വെള്ളമെത്തിക്കാൻ ഇത് തടസ്സമാണെന്നാണ് ജനപ്രതിനിധികളും മറ്റും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

