വൈദ്യുതി സ്കൂട്ടർ നന്നാക്കി നൽകാൻ വൈകി; നഷ്ടവും ചെലവും നൽകാൻ ഉത്തരവ്
text_fieldsആലത്തൂർ: പുതിയ വൈദ്യുതി സ്കൂട്ടർ വാറന്റി സമയത്തിനകം നന്നാക്കി നൽകാൻ വരുത്തിയ കാലതാമസത്തിന് നഷ്ടവും ചെലവും നൽകാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവ്. ആലത്തൂർ കോർട്ട് റോഡിലെ വൈദ്യുതി സ്കൂട്ടർ ഡീലർ മാനേജർ, ഇലക്ട്രിക് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട് എന്നിവർക്കെതിരെ വെങ്ങന്നൂർ പറയൻക്കോട്ടിൽ എ. അബ്ദുൽ ജബ്ബാർ നൽകിയ പരാതിയിലാണ് ജില്ല കമീഷന്റെ ഉത്തരവ്.
2023 സെപ്റ്റംബർ 15ന് വാങ്ങിയ സ്കൂട്ടർ ഉപയോഗത്തിലിരിക്കെ തകരാറുകൾ ഇടക്കിടെ കാണിച്ച് തുടങ്ങി. ഈ സമയത്തെല്ലാം ഒന്നാം എതിർകക്ഷി സ്ഥാപനത്തിൽ എത്തിച്ച് നന്നാക്കി കൊടുത്തിരുന്നു. എന്നാൽ ഓരോ പ്രാവശ്യവും കേടാകുമ്പോഴും വാഹനം പറയുന്ന സമയത്തൊന്നും നന്നാക്കി കൊടുത്തിരുന്നില്ല. ഏറ്റവുമൊടുവിൽ നന്നാക്കാൻ കൊടുത്ത സ്കൂട്ടർ തിരികെ നൽകിയത് 38ാം ദിവസമാണ്. ഇതാണ് പരാതിക്കിടയാക്കിയത്.
ആലത്തൂരിലെ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസ് കാര്യങ്ങൾ ഡീലറെയും കമ്പനിയേയും ബോധ്യപ്പെടുത്തിയെങ്കിലും ചെവികൊണ്ടില്ല. തുടർന്നാണ് കമീഷനിൽ പരാതി നൽകിയത്. അഡ്വ. എം.ജെ. വിൻസ് പരാതിക്കാരന് വേണ്ടി ഹാജരായി. വൈകിയതിന് നഷ്ടം -12,000, പരാതിപ്പെടാൻ വന്ന ചെലവ് -5,000, മനോവിഷമത്തിന് നഷ്ടം -10,000 എന്നിങ്ങനെ 27,000 രൂപ നൽകാനാണ് ഉത്തരവ്.
45 ദിവസത്തിനകം തുക നൽകണമെന്നും വീഴ്ച വരുത്തിയാൽ വൈകുന്ന ഓരോ മാസത്തിനും 500 രൂപ വീതം ഉത്തരവ് തീയതി മുതൽ തുക കൊടുക്കുന്ന തീയതി വരെ നൽകണമെന്നും വി. വിനയ് മേനോൻ പ്രസിഡന്റും എ. വിദ്യ, എൻ.കെ. കൃഷ്ണൻകുട്ടി അംഗങ്ങളുമായുള്ള കമീഷന്റെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

