റബർ തോട്ടങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകം; കർഷകർക്ക് വൻ നഷ്ടം
text_fieldsവടക്കഞ്ചേരി: റബർ തോട്ടങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായതോടെ ഉൽപാദനം നേർ പകുതിയായി കുറഞ്ഞു. അതിവർഷം മൂലം അന്തരീക്ഷത്തിൽ ആർദ്രത വർധിച്ചതാണ് ഇലപൊഴിച്ചിൽ രോഗം വ്യാപിക്കാൻ കാരണം.
രോഗവും വ്യാപനവും
മരങ്ങളിലെ പച്ച ഇലകളിൽ ചെറിയ പുള്ളികൾ രൂപപ്പെടുകയും പിന്നീട് ഉണങ്ങി ഞെട്ടോടെ കൊഴിഞ്ഞുപോവുകയുമാണ് ചെയ്യുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിലെ സ്വാഭാവിക ഇലപൊഴിച്ചിലിന് സമാനമായ രീതിയിലാണ് ഇലകൾ കൂട്ടമായി കൊഴിയുന്നത്. മംഗലംഡാം, ചിറ്റടി, പുതുക്കോട്, കണ്ണമ്പ്ര, കിഴക്കഞ്ചേരി, വണ്ടാഴി തുടങ്ങിയ പ്രധാന റബർ ഉൽപാദന മേഖലകളിലെല്ലാം രോഗം അതിവേഗം പടർന്നുപിടിച്ചിട്ടുണ്ട്. ഭൂരിപക്ഷം തോട്ടങ്ങളിലും പത്ത് ദിവസത്തിനുള്ളിൽ 75 ശതമാനത്തോളം ഇലകളും കൊഴിഞ്ഞുപോയി.
കാറ്റോട്ടം കുറഞ്ഞ തോട്ടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ രൂക്ഷമായത്. ഒരു തോട്ടത്തിൽ രോഗലക്ഷണം കണ്ടുതുടങ്ങിയാൽ ദിവസങ്ങൾക്കകം സമീപത്തുള്ള തോട്ടങ്ങളിലേക്കും ഇത് പടരുന്നു. കൊഴിഞ്ഞുവീണ ഇലകൾ തോട്ടങ്ങളിൽ കിടന്ന് അഴുകുന്നത് രോഗവ്യാപനം കൂടുതൽ വേഗത്തിലാക്കുന്നു.
ഉൽപാദന നഷ്ടം
മഴക്കാല ടാപ്പിങ്ങിനായി മഴമറ സ്ഥാപിച്ച് ടാപ്പിങ് ആരംഭിച്ച ഘട്ടത്തിലാണ് രോഗവ്യാപനം രൂക്ഷമായത്. ഇതോടെ പത്ത് മരങ്ങളിൽനിന്ന് ഒരു ഷീറ്റ് എന്ന ശരാശരി ഉൽപാദനം പകുതിയായി കുറഞ്ഞു. ഇലകൾ കൂട്ടത്തോടെ കൊഴിയുന്നത് മഴക്കാലത്ത് റബർ മരങ്ങളുടെ വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതിരോധത്തിലെ പാളിച്ചകൾ
ഫൈറ്റോപ്തോറ ഫംഗസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് ചെമ്പ് കലർന്ന കുമിൾനാശിനികൾ തളിച്ച് രോഗം തടയാൻ കഴിയും. എന്നാൽ, ഈ വർഷം മേയ് മുതൽ കനത്ത മഴ ലഭിച്ചതിനാൽ ഭൂരിപക്ഷം കർഷകർക്കും പ്രതിരോധ നടപടിയായി കോപ്പർ ഓക്സി ക്ലോറൈഡ് പൊടി സ്പ്രേ ഓയിലിൽ കലർത്തി തളിക്കാൻ കഴിഞ്ഞില്ല. ഇത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കി. റബർ ബോർഡ് അധികൃതരുടെ അഭിപ്രായത്തിൽ, രോഗം പടർന്നുപിടിച്ചതിനുശേഷം മഴക്കാലത്ത് നിയന്ത്രണ മാർഗങ്ങൾ ഫലപ്രദമല്ല.
അകാലിക ഇലപൊഴിച്ചിൽ നിയന്ത്രിക്കുന്നതിന് സബ്സിഡി നിരക്കിൽ റബർ ഉൽപാദക സംഘങ്ങൾ മുഖേന വിതരണം ചെയ്തിരുന്ന ഓയിലും കുമിൾനാശിനി പൊടിയും ഇപ്പോൾ ലഭ്യമല്ലാത്തതും കർഷകർക്ക് തിരിച്ചടിയായി. സ്പ്രേ ഓയിലിനും കോപ്പർ ഓക്സി ക്ലോറൈഡിനും പകരം ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം വെള്ളത്തിൽ കലർത്തി ശക്തി കൂടിയ സ്പ്രേയറുകൾ ഉപയോഗിച്ച് മരങ്ങളിൽ തളിക്കാനാണ് റബർ ബോർഡ് നിർദേശിക്കുന്നത്. എന്നാൽ, മഴക്കാലത്ത് വെള്ളത്തിൽ അലിഞ്ഞുപോകുന്നതിനാൽ ബോർഡോ ലായനി തളിക്കുന്നത് കാര്യമായ ഫലം നൽകാറില്ല. ഓയിലിൽ കലർത്തി തളിക്കുമ്പോൾ അത് കൂടുതൽ ദിവസം മരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയുമായിരുന്നു.
കർഷകരുടെ ആവശ്യം
മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് രോഗപ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയാഞ്ഞത് റബർ ഉൽപാദന മേഖലക്കും കർഷകർക്കും വലിയ വരുമാന നഷ്ടമുണ്ടാക്കി. ദേശീയ റബർ ഉൽപാദനത്തിലെ കുറവ് പരിഹരിക്കാനും ഇറക്കുമതി ഇല്ലാതാക്കാനും അതുവഴി റബർ വിലയിടിവ് തടയാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ചെറുകിട റബർ ഉൽപാദക സംഘങ്ങൾ റബർ ബോർഡിനോടും കാർഷിക ഉൽപാദന കമീഷണറോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

