അഫ്സലിനും അജ്മലിനും ശ്രീശങ്കറിനും നാടിന്റെ അനുമോദനം
text_fieldsഏഷ്യൻ ഗെയിംസിൽ മെഡൽ ജേതാക്കളായ മുഹമ്മദ് അജ്മൽ, മുഹമ്മദ് അഫ്സൽ, എം. ശ്രീശങ്കർ എന്നിവരെ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങിലേക്ക് സ്വീകരിക്കുന്നു
പാലക്കാട്: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ജില്ലയിലെ കായികതാരങ്ങൾക്ക് നാടിന്റെ ആദരം. വി.കെ. ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. റിലേയിൽ സ്വർണവും മിക്സഡ് റിലേയിൽ വെള്ളിയും നേടിയ മുഹമ്മദ് അജ്മൽ, ലോങ് ജംപിൽ വെള്ളി നേടിയ എം. ശ്രീശങ്കർ, 800 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് അഫ്സൽ എന്നിവരെയാണ് അനുമോദിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് താരങ്ങളെ വേദിയിലേക്ക് ആനയിച്ചത്.
വിവിധ തുറകളിലുള്ള പ്രമുഖരും സിനിമ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി താരങ്ങളെ പൊന്നാട അണിയിച്ചു. രാജ്യത്തിന്റെ അഭിമാനങ്ങളായ കായികതാരങ്ങളെ എല്ലാ അർഥത്തിലും സർക്കാർ പരിഗണിക്കണമെന്ന് എം.പി പറഞ്ഞു.
പാലക്കാടിന്റെ അഭിമാനമായ പ്രതിഭകൾ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് നടി അനുമോൾ ആശംസിച്ചു. ഒളിമ്പ്യൻ പ്രീജ ശ്രീധരൻ, എസ്. മുരളി, ശിവൻ നമ്പൂതിരി, നടൻ ഷാജു ശ്രീധർ, പി.ടി. നരേന്ദ്രമേനോൻ, സി. ഹരിദാസ്, ടി.കെ. ഹെൻട്രി, ജോബി വി. ചുങ്കത്ത്, വി.എസ്. മുഹമ്മദ് കാസിം, ഡോ. സുഭാഷ്, ശ്രീകുമാർ മേനോൻ എന്നിവർ സംസാരിച്ചു.
നാടിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് കരുത്ത് എന്ന് മുഹമ്മദ് അജ്മൽ പറഞ്ഞു. ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലേക്ക് കടക്കുകയാണെന്നും എല്ലാവരുടേയും പ്രാർഥന ഉണ്ടാകണമെന്നും മുഹമ്മദ് അഫ്സൽ പറഞ്ഞു. ജില്ലയുടെ സ്പോർട്സ് സംസ്കാരമാണ് തങ്ങളുടെ വളർച്ചക്ക് നിദാനമെന്ന് എം. ശ്രീശങ്കർ കൂട്ടിച്ചേർത്തു. താരങ്ങൾക്ക് വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പ്രതിനിധികൾ ഉപഹാരം സമ്മാനിച്ചു. സദസ്സിനും സംഘാടകർക്കും താരങ്ങൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

