മഞ്ഞക്കുളം ഭാഗത്തുനിന്നും മാർക്കറ്റ് റോഡിലേക്കുള്ളത് റോഡോ തോടോ?
text_fieldsമഞ്ഞക്കുളം ബൈപാസിൽനിന്ന് സെൻട്രൽ ബസാറിലേക്കുള്ള റോഡിലെ വെള്ളക്കെട്ട്
പാലക്കാട്: റോഡാണോ തോടാണോ എന്ന് തിരിച്ചറിയാനാവാത്ത തരത്തിലാണ് മേലാമുറി പച്ചക്കറി മാർക്കറ്റിലേക്കുള്ള മിക്ക റോഡുകളും. മഞ്ഞക്കുളം ഭാഗത്തുനിന്ന് മാർക്കറ്റ് റോഡിലേക്ക് വരുന്ന റോഡുകളുടെ സ്ഥിതി പരിതാപകരമാണ്.
മഴ പെയ്തതോടെ ചളിക്കുളമായ റോഡിലൂടെ മാർക്കറ്റിലേക്ക് എത്താൻ അൽപം അഭ്യാസപ്രകടനങ്ങളും അറിഞ്ഞിരിക്കേണ്ട സ്ഥിതിയാണ്. കുഴിയിൽ ചാടാതിരിക്കാൻ ഇരുചക്രവാഹനങ്ങൾ വെട്ടിച്ചും കാൽനടയാത്രക്കാർ വെള്ളം കാണുമ്പോൾ ചാടിയുമാണ് പലപ്പോഴും രക്ഷപ്പെടുന്നത്. മഞ്ഞക്കുളം ടി.ബി റോഡ് ബൈപാസും (സുലൈമാൻ സാഹിബ് റോഡ്) ബൈപാസിൽനിന്ന് മാർക്കറ്റിലേക്കുള്ള റോഡും ചെറുതും വലുതുമായ നിരവധി കുഴികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മാർക്കറ്റ് റോഡിൽനിന്നും മഞ്ഞക്കുളം ബൈപാസിലേക്ക് വരുന്ന സെൻട്രൽ ബസാർ റോഡിൽ കുറച്ച് ഭാഗം രണ്ടുവർഷം മുമ്പ് നന്നാക്കിയിരുന്നു. എന്നാൽ സെൻട്രൽ ബസാർ റോഡിലെ തോട്ടുപാലം മുതൽ മഞ്ഞക്കുളം ബൈപാസ് വരെയുള്ള ഭാഗം വർഷങ്ങളായി തകർന്നു കിടക്കുകയാണ്. മഞ്ഞക്കുളം മാർക്കറ്റ് റോഡിൽ നിന്നും മംഗളം ടവർ വരെയുള്ള ടി.ബി റോഡ് ബൈപാസ് പദ്ധതി രണ്ടു പതിറ്റാണ്ടിലേറെ ചുവപ്പുനാടയിലാണ്.
മഞ്ഞക്കുളം പള്ളിക്ക് മുന്നിൽ നിന്നും ഈ ബൈപാസിലേക്കുള്ള പോക്കറ്റ് റോഡിന്റെ സ്ഥിതിയും ദയനീയമാണ്. ടാറിങ് നടത്താത്തതിനാൽ ഈ റോഡുകളിലെല്ലാം മഴക്കാലമായാൽ വെള്ളക്കെട്ടും ചളിയുമാണ്.
ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ, മീൻ മാർക്കറ്റ്, ബി.ഒ.സി റോഡ് എന്നിവിടങ്ങളിൽ നിന്നും മഞ്ഞക്കുളം ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡ് കൂടിയായതിനാൽ റോഡിന്റെ തകർച്ചയും മഴക്കാലത്തുള്ള വെള്ളക്കെട്ടും വാഹനയാത്രക്കാരെ മാത്രമല്ല വ്യാപാരികളെയും ദുരിതത്തിലാക്കുന്നുണ്ട്.
നിരവധി വ്യാപാര സ്ഥാപനങ്ങൾ, പള്ളി, സ്കൂൾ, കൺവെൻഷൻ സെന്റർ എന്നിവയെല്ലാം ഉള്ളതിനാൽ നിരവധി ആളുകൾ ആശ്രയിക്കുന്ന റോഡുകളാണിവ. പാലക്കാട് നഗരസഭക്ക് കീഴിൽ വരുന്ന പ്രദേശമായതിനാൽ റോഡുകളുടെ കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത് നഗരസഭ അധികൃതരാണ്.
മഞ്ഞക്കുളം ടി.ബി റോഡ് ബൈപാസ് തെരുവുനായ്ക്കളുടെയും കന്നുകാലികളുടെയും വിഹാരകേന്ദ്രം കൂടിയാണ്. വലിയങ്ങാടിയിലെ സെൻട്രൽ ബസാർ റോഡും മഞ്ഞക്കുളം ടി.ബി റോഡ് ബൈപാസും എത്രയും വേഗം ടാറിങ് നടത്തി നവീകരിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

