കാരുണ്യത്തിന്റെ കരുത്തിൽ ആശാപ്രവർത്തക തമിഴ്നാട്ടുകാരിയുടെ പ്രസവമെടുത്തു
text_fieldsനന്ദകുമാരി
ഒറ്റപ്പാലം: ആശാപ്രവർത്തകയുടെ സമയോചിത ഇടപെടലും സേവനസന്നദ്ധതയും കാരണം തമിഴ്നാട് സ്വദേശിനിക്ക് ഒറ്റപ്പാലത്തെ വാടക വീട്ടിൽ സുഖപ്രസവം. റെയിൽവേ സ്റ്റേഷൻ വാർഡിലെ ആശ പ്രവർത്തക നന്ദകുമാരിയുടെ കരുതലിൽ ഈറോഡ് സ്വദേശിനി ഭുവനേശ്വരിയാണ് ആൺ കുഞ്ഞിന് ജന്മം നൽകിയത്. മുൻ അനുഭവം ഇല്ലാതിരുന്നിട്ടും സഹജീവി സ്നേഹത്താൽ ചെയ്ത പുണ്യ പ്രവൃത്തിയുടെ പേരിൽ നന്ദകുമാരിയെ തേടി അഭിനന്ദങ്ങൾ എത്തുകയാണ്.
അമ്മക്ക് വയറുവേദനയാണെന്നും വീട്ടിലേക്ക് വരണമെന്നുമുള്ള അറിയിപ്പുമായി നന്ദകുമാരിയെ തേടിയെത്തിയത് ഭുവനേശ്വരിയുടെ മകനാണ്. കുട്ടിക്കൊപ്പം ധൃതിയിൽ വീട്ടിലിലെത്തിയപ്പോൾ പ്രസവവേദനയുടെ മൂർധന്യത്തിലായിരുന്നു ഭുവനേശ്വരി. റെയിൽ പാളത്തിനും ഭാരതപ്പുഴക്കും ഇടയിലുള്ള പള്ളം പ്രദേശത്തെ വീട്ടിൽനിന്ന് അവശനിലയിലുള്ള ഭുവനേശ്വരിയെ ഉടൻ ആശുപത്രിയിലെത്തിക്കുക എന്നത് അസാധ്യമാണെന്ന് മനസ്സിലാക്കിയ നന്ദകുമാരി അവർക്ക് തുണയേകാൻ തീരുമാനിക്കുകയായിരുന്നു.
സഹായത്തിനായി അയൽക്കാരായ ചിലരെയും നന്ദകുമാരി വിളിച്ചുകൂട്ടി. ഇതിനിടെ തോട്ടക്കര സബ് സെൻററിലെ ജെ.പി.എച്ച്.എൻ രാജിയെയും വാർഡ് കൗൺസിലർ സജീഷ് കൃഷ്ണനെയും വിവരമറിയിച്ചു. അവർ എത്തുന്നതിന് മുമ്പായി പ്രസവം കഴിഞ്ഞിരുന്നെങ്കിലും രാജിയാണ് കുഞ്ഞിന്റെ പൊക്കിൾകൊടി മുറിച്ചുമാറ്റിയത്. പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും 200 മീറ്ററോളം ചുമന്ന് പാളം താണ്ടി അപ്പുറമെത്തിച്ച ശേഷമാണ് ആംബുലൻസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ഭുവനേശ്വരിയും തമിഴ്നാട് സ്വദേശി തന്നെയായ ഭർത്താവ് ഗോവിന്ദും രണ്ട് മക്കളും രണ്ട് വർഷത്തോളമായി പള്ളം പ്രദേശത്ത് വാടക വീട്ടിലാണ് താമസം. നാട്ടിലേക്ക് പോയിരുന്ന ഭുവനേശ്വരി തിരികെ വാടക വീട്ടിലെത്തിയപ്പോഴാണ് പ്രസവവേദന ആരംഭിച്ചത്. ഭർത്താവ് ഗോവിന്ദ് ജോലിക്ക് പോയിരുന്നു. താലൂക്ക് ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതർ അറിയിച്ചു. 2008 മുതൽ റെയിൽവേ സ്റ്റേഷൻ വാർഡിൽ ആശ പ്രവർത്തകയായി സേവനമനുഷ്ടിക്കുന്ന തനിക്ക് ആദ്യ അനുഭവമാണ് ഇതെന്ന് നന്ദകുമാരി പറയുന്നു. പള്ളം പ്രദേശത്തേക്ക് അത്യാവശ്യങ്ങൾക്ക് ആംബുലൻസ് എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

