പുതുപ്പരിയാരത്ത് ബസുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്
text_fieldsദേശീയപാത പുതുപ്പരിയാരത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച നിലയിൽ
മുണ്ടൂർ: കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. കോങ്ങാട് പാറശ്ശേരി സ്വദേശി രാധാകൃഷ്ണൻ (39), മാതാവ് തത്തമ്മു (71) എന്നിവർ പാലക്കാട് ജില്ല ആശുപത്രിയിലും മറ്റുള്ളവർ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷനിൽ ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
പാലക്കാട്ടുനിന്ന് കൽപ്പറ്റയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ചെർപ്പുളശ്ശേരിയിൽനിന്ന് പാലക്കാട്ട് ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിടിച്ചാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. .തുടർന്ന് ദേശീയപാത പുതുപ്പരിയാരം ഭാഗത്ത് ഗതാഗതം അൽപനേരം തടസ്സപ്പെട്ടു. പരിക്കേറ്റവരെ പരിസരത്തുള്ളവർ ഓടിക്കൂടി വാഹനമെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സിക്ക് പിറകിൽ സഞ്ചരിച്ച പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടു. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി.

