ആദിവാസി യുവതിയുടെ മൃതദേഹം ഉൾവനത്തിൽ; ഭർത്താവ് കസ്റ്റഡിയിൽ
text_fieldsകസ്റ്റഡിയിലെടുത്ത പഴനിയുമായി വനത്തിലൂടെ പോകുന്ന പൊലീസ്
അഗളി: ആദിവാസി യുവതിയുടെ മൃതദേഹം ഉൾവനത്തിൽനിന്ന് കണ്ടെത്തി. പുതൂർ ഇലച്ചിവഴി ആഞ്ചകക്കൊമ്പ ഉന്നതിയിലെ വള്ളിയമ്മാളിന്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാം ഭർത്താവ് പഴനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഗസ്റ്റ് 17ന് താനും വള്ളിയമ്മയും ആഞ്ചകക്കൊമ്പ ഉന്നതിയോട് ചേർന്ന ഉൾവനത്തിൽ വശിക്കടവ് തോടിന് മുകൾ ഭാഗത്ത് മദ്യപിച്ചെന്നും ഇതിനിടെ തർക്കമുണ്ടാവുകയും വള്ളിയമ്മാൾ താഴേക്ക് ചാടുകയും ചെയ്തെന്നാണ് പഴനിയുടെ മൊഴി. ആശുപത്രിയിൽ എത്തിക്കാൻ പഴനി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അമ്മയെ കാണാതായ മകൻ ഈശ്വരൻ ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഒക്ടോബർ 13ന് പുതൂർ പൊലീസിൽ ലഭിച്ച പരാതിയെ തുടർന്ന് എസ്.എച്ച്.ഒ സലാമിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പഴനി ഒളിവിലാണെന്ന കാര്യം ഈശ്വരൻ പൊലീസിൽ അറിയിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ പഴനിയെ വെള്ളിയാഴ്ച രാവിലെ ഇലച്ചിവഴി എന്ന സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൃതദേഹം കണ്ടെത്താൻ പൊലീസിന്റെ സാഹസികയാത്ര
അഗളി: ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഉൾവനത്തിലൂടെ പൊലീസ് നടത്തിയത് സാഹസിക യാത്ര. പുതൂർ ഇലച്ചിവഴി ആഞ്ചകക്കൊമ്പ ഉന്നതിയിലെ വള്ളിയമ്മാളാണ് കൊല്ലപ്പെട്ടത്. രണ്ട് മാസത്തോളം ഒളിവിലായിരുന്ന രണ്ടാം ഭർത്താവ് പഴനിയെ വെള്ളിയാഴ്ച രാവിലെ ഇലച്ചിവഴിയിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ മൊഴിയനുസരിച്ച് പൊലീസ് ആഞ്ചകക്കൊമ്പ എന്ന ഉന്നതിയിലേക്കുള്ള ഇടുങ്ങിയ പാതയിലൂടെ എത്തി.
അവിടെ നിന്ന് മൂന്ന് മണിക്കൂറിലധികം ഉൾവനത്തിൽ യാത്ര ചെയ്താണ് സംഭവ സ്ഥലത്തെത്തുന്നത്. വശിക്കടവ് തോടിനോട് ചേർന്ന് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കാട്ടാനകളുടെ വിഹാരകേന്ദ്രമായിരുന്ന വനത്തിലൂടെ സാഹസികമായാണ് സ്ഥലത്തെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അനുഗമിച്ചിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത പൊലീസ് ശനിയാഴ്ച ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

