മാട്ടുമന്ത ശ്മശാനത്തിൽ പക്ഷി സർവേ; 69 ഇനങ്ങളെ കണ്ടെത്തി
text_fieldsമാട്ടുമന്ത ശ്മശാന ഭൂമിയിൽ പക്ഷി സർവേ നടത്തിയ സംഘം
പാലക്കാട്: വെന്തുരുകുന്ന പാലക്കാടൻ ചൂടിൽ പച്ചതുരുത്തുകൾ തേടി വിരുന്നെത്തുന്നതും ആവാസകേന്ദ്രമാക്കിയതുമായ പക്ഷികളെ കണ്ടെത്താൻ സർവേയുമായി ഒരു പറ്റം പരിസ്ഥിതി സ്നേഹികൾ.
നഗരത്തിലെ പച്ചതുരുത്തുകളിലൊന്നായ മാട്ടുമന്ത പൊതു ശ്മശാനത്തിൽ നടത്തിയ സർവേയിൽ 69 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. ഇതിൽ നീര്‍കാട (കോമൺ സാൻഡ്പൈപർ), വല്യ വേലിത്തത്ത (ബ്ലൂ ടെയ്ൽഡ് ബീ ഈറ്റർ), കാവി (ഇന്ത്യൻ പിറ്റ), നാകമോഹന്‍ (ഇന്ത്യൻ പാരഡൈസ്-ൈഫ്ലകാച്ചർ), തവിടൻ ഷ്രൈക്ക്(ബ്രൗൺ ഷ്രെെക്ക്), ഈറ്റപൊളപ്പൻ ബ്ലിത്ത്സ് റീഡ് വാർബ്ലർ), ഇളംപച്ചപ്പൊടിക്കുരുവി (ഗ്രീനിഷ് വാർബ്ലർ), തവിട്ടുപാറ്റപിടിയൻ (ഏഷ്യൻ ബ്രൗൺ ൈഫ്ല കാച്ചർ) എന്നീ ദേശാടനപക്ഷികളും കരിമ്പനയിൽ മാത്രം കാണുന്ന പനങ്കുഴൻ (ഇന്ത്യൻ പാംസ്വിഫ്റ്റ്) എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
മനുഷ്യരുടെ സാമീപ്യത്തിൽ നിന്ന് അകന്നു മാറി ജീവിക്കുന്ന ചെമ്പൻ മരംകൊത്തി (റൂഫസ് വുഡ്പെക്കർ), വംശനാശഭീഷണി നേരിടുന്ന കന്യാസ്ത്രീകൊക്ക് (വൂളി-നെക്കഡ് സ്റ്റോർക്ക്) ഉൾപ്പെടെ ദേശാടനപക്ഷികളും ഇതിലുൾപ്പെടുന്നു.
നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാടിന്റെ നേതൃത്വത്തിൽ നടന്ന സർവേയിൽ പക്ഷി സ്നേഹികളായ ലതിക അനോത്ത്, വി. പ്രവീൺ, അഡ്വ. ലിജോ പനങ്ങാടൻ, അവിട്ടം വിനോദ്, വിനോദ്, അശ്വതി, എസ്. അരുൺ, രഞ്ജു, മണിക്കുളങ്ങര എന്നിവരാണ് പങ്കെടുത്തത്.
ചിത്രശലഭങ്ങൾ, ഉരഗങ്ങൾ, തുമ്പികള്‍, സസ്യ വൈവിധ്യം ഉൾപ്പടെ മാട്ടുമന്ത ശ്മശാന ഭൂമിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ജൈവവൈവിധ്യ സർവേയുടെ ആദ്യ പടിയാണ് പക്ഷി സർവേ. നഗര കേന്ദ്രീകൃതമായ പച്ചതുരുത്തുകളുടെ ജൈവവൈവിധ്യം രേഖപ്പെടുത്താൻ പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി വിവിധ സംഘടനകളുമായി സഹകരിച്ചാണ് സർവേ നടത്തുന്നത്.
പരിസ്ഥിതി സംഘടനയായ പുനർജനി, അകത്തേത്തറ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ, പരിസ്ഥിതി ഐക്യവേദി എന്നി സംഘടനകളാണ് പക്ഷി സർവേക്ക് സഹകരണം നൽകിയത്. മൂന്നു മണിക്കൂർ നീണ്ടുനിന്ന സർവേയിൽ 23 പേർ പങ്കെടുത്തു.
തരിശുഭൂമിയായി കിടന്ന പൊതുശ്മശാനത്തെ പുനർജനി പരിസ്ഥിതി സംഘടനയാണ് പച്ച തുരുത്താക്കി മാറ്റിയത്.
നൂറുകണക്കിന് മരങ്ങൾ തണൽ വിരിച്ചതോടെയാണ് പക്ഷികളെത്തി തുടങ്ങിയത്. 14 ഏക്കർ വിസ്തൃതിയുള്ള മാട്ടുമന്ത ശ്മശാന ഭൂമി പാലക്കാട് നഗരസഭ പരിധിയിലെ ഏറ്റവും വലിയ പച്ചത്തുരുത്താണ്. ഇത് നഗരത്തിന്റെ പച്ച ശ്വാസകോശങ്ങളിലൊന്നായി കണക്കാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

