ബസിൽ വയോധികന് മർദനം: പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി
text_fieldsഷഹീർ ബാവ
പെരിന്തൽമണ്ണ: നിസാര കാരണത്തിന്റെ പേരിൽ സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മര്‍ദിച്ച യുവാവിനെ പെരിന്തൽമണ്ണ പൊലീസ് തമിഴ്നാട്ടിലെ കമ്പത്ത് എത്തി പിടികൂടി. താഴേക്കോട് ബിടാത്തി മരമില്ലിന് സമീപത്തുള്ളയാളും ഇപ്പോൾ അരക്കുപറമ്പ് മാട്ടറയിൽ വാടകക്ക് താമസക്കാരനുമായ ഷഹീർബാവ (34) ആണ് അറസ്റ്റിലായത്. താഴേക്കോട് മാരാമ്പറ്റക്കുന്ന് സ്വദേശി പേരാഞ്ചി വീട്ടിൽ ഹംസയെ (65) ആണ് യുവാവ് ക്രൂരമായി മര്‍ദിച്ചത്. ഹംസയുടെ മൂക്ക് ഇടിച്ചു തകര്‍ത്ത് ഗുരുതര പരിക്കേൽപ്പിച്ചിരുന്നു.
പെരിന്തൽമണ്ണയിൽ നിന്നും അരക്കുപറമ്പിലേക്ക് പോവുകയായിരുന്ന ബസിൽ മുതിർന്നവരടക്കം നിറയെ യാത്രക്കാുടെ മുമ്പിൽ വെച്ചാണ് യുവാവ് ഹംസയെ മർദിച്ച് പരിക്കേൽപ്പിച്ചത്. തലയിലും മുഖത്തും കൈകൊണ്ട് അടിച്ചും ബസിൽനിന്ന് പിൻവാതിൽ വഴി പുറത്തേക്ക് വലിച്ചിട്ടും മർദിച്ചതായാണ് കേസ്.
ബസിന്റെ പിൻഡോറിന് സമീപമാണ് യുവാവ് നിന്നിരുന്നത്. വയോധികനെ അസഭ്യം വിളിച്ചശേഷം പലതവണ മര്‍ദിക്കുന്നത് സി.സി.ടി.വി ദൃശ്യത്തിലുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നാലിന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പൊലീസ് ഗൗരവപൂർവം കേസെടുത്ത് ഊർജിത അന്വേഷണം നടത്തിയത്. മൂക്കിന്റെ എല്ലുപൊട്ടിയ ഹംസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദ്യാർഥികളടക്കം തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നതിനിടെ അൽപം മാറി നിൽക്കാൻ പറഞ്ഞതോടെ തുടങ്ങിയ സംഘർഷം മർദനത്തിൽ കലാശിക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽപോയ പ്രതി തമിഴ്നാട്ടിലുണ്ടെന്ന് കണ്ടെത്തി കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ചു. സാക്ഷികളുടെ സാനിധ്യത്തിൽ തിരിച്ചറിഞ്ഞശേഷം പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

