ടയർ ഗോഡൗണിലെ തീപിടിത്തം; അന്വേഷണത്തിന് അധികൃതർ
text_fieldsപാലക്കാട് നഗരത്തിൽ ടയർ കടയിലുണ്ടായ തീപിടിത്തം
പാലക്കാട്: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ തീപടർന്ന സംഭവത്തിൽ വിശദ അന്വേഷണത്തിന് അധികൃതർ. സമീപത്ത് മാലിന്യക്കൂനയിൽ തീയിട്ടപ്പോൾ പടർന്നതാവാമെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ. ഇതിനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കും.
വ്യാഴാഴ്ച രാത്രി 10.45നാണ് നഗരത്തിൽ മഞ്ഞക്കുളം പള്ളി റോഡിൽ ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പിരായിരി സ്വദേശി നിജാമുദീന്റെ ഉടമസ്ഥതയിലെ ടയർ ഗോഡൗണിൽ തീപടർന്നത്. കെട്ടിടത്തിന് പിൻഭാഗത്തുനിന്ന് തീ പടരുന്നുവെന്നാണ് അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ചയാൾ നൽകിയ വിവരം. സംഭവസമയം ഇതുവഴി പോയ യുവാക്കൾ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിക്കുകയായിരുന്നു.
കലക്ടർ ഡോ. എസ്. ചിത്രയും കൂടുതൽ പൊലീസും സ്ഥലത്തെത്തി. പാലക്കാട് അഗ്നിരക്ഷ നിലയം സ്റ്റേഷൻ ഓഫിസർ ജോബി ജേക്കബ്, ആലത്തൂർ സ്റ്റേഷൻ ഓഫിസർ ആദർശ് അശോകൻ, പാലക്കാട് മോട്ടോർവിങ് സ്റ്റേഷൻ ഓഫിസർ വിജയൻ, അസി. സ്റ്റേഷൻ ഓഫിസർ ഇ.സി. ഷാജു, പ്രവീൺ, മനോജ്, ജി. മധു, എം. രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട്, ചിറ്റൂർ, കോങ്ങാട്, കഞ്ചിക്കോട്, ആലത്തൂർ, കൊല്ലങ്കോട് എന്നീ അഗ്നിരക്ഷാ നിലയങ്ങളിൽനിന്നുള്ള 50 ഉദ്യോഗസ്ഥരാണ് തീയണച്ചത്.
പൂർണമായി തീയണക്കാൻ 10 മണിക്കൂർ സമയമെടുത്തു. വെള്ളി പകലും ടയർ പുകഞ്ഞുകത്തിയത് സമീപവാസികൾക്ക് ദുരിതമായി. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

