നാടിനെ വിറപ്പിച്ച തെരുവ് നായെ കൂട്ടിലടച്ച് പ്രഭാകരന്
text_fieldsപ്രഭാകരൻ
ആനക്കര: എൻജിനീയർ റോഡ്-പടിഞ്ഞാറങ്ങാടി പരിസരപ്രദേശങ്ങളിൽ ഭീതിപരത്തിയ തെരുവ് നായ് ഒടുവിൽ പ്രഭാകന്റെ മനസ്സാന്നിധ്യത്തിന് മുന്നിൽ കുടുങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടമ്മമാർ ഉൾപ്പെടെ പതിനാറോളം പേരെ കടിച്ചുപരിക്കേൽപ്പിച്ച തെരുവുനായെയാണ് പ്രഭാകരൻ കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പതിവുപോലെ ജോലിക്കിറങ്ങിയ കൂലിതൊഴിലാളിയായ പ്രഭാകരനെ (45) മുറ്റത്ത് വച്ച് തെരുവുനായ് ആക്രമിക്കുകയായിരുന്നു. വിരലിൽ കടിച്ച നായുമായി മൽപ്പിടിത്തം നടത്തുന്നതിനിടെ ഓടിയെത്തിയ സഹോദരനുമായി ചേർന്ന് നായെ കൂട്ടിലടക്കുകയായിരുന്നു.
സമീപവാസികള്‍ ഓടിക്കൂടിയപ്പോഴാണ് താന്‍ കീഴടക്കിയത് പടിഞ്ഞാറങ്ങാടിക്കാരെ വിറപ്പിച്ച നായെയാണെന്ന് പ്രഭാകരൻ അറിഞ്ഞത്. പരിക്കേറ്റ പ്രഭാകരന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. കുമരനെല്ലൂർ മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ബാലൻ സ്ഥലം സന്ദർശിച്ച് നാട്ടുകാര്‍ക്ക് നിർദേശങ്ങൾ നൽകി.

