പറമ്പിക്കുളം തേക്കടിക്ക് അനുവദിച്ച ആംബുലൻസ് മാസങ്ങളായി കട്ടപ്പുറത്ത്
text_fieldsപറമ്പിക്കുളം തേക്കടിയിൽ പ്രവർത്തനരഹിതമായ
ആംബുലൻസ്
പറമ്പിക്കുളം: 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വാങ്ങിയ ആംബുലൻസ് പ്രവർത്തനമില്ലാതെ ഒരുവർഷം. നവംബർ 22നാണ് മന്ത്രി രാധാകൃഷ്ണൻ തേക്കടി കോളനിമേഖലക്ക് അനുവദിച്ച ആംബുലൻസിന്റെ താക്കോൽദാനം പറമ്പിക്കുളം ചുങ്കത്ത് നിർവഹിച്ചത്. കെ. ബാബു എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15, 64,729 രൂപ വിനിയോഗിച്ച് വാങ്ങിയ ആംബുലൻസ് വനംവകുപ്പിന് കൈമാറുന്നതിലെ സാങ്കേതിക പ്രശ്നമാണ് തടസ്സമായത്.
തേക്കടി, അല്ലിമൂപ്പൻ, മുപ്പത് ഏക്കർ, കച്ചിതോട്, ഒറവൻപാടി കോളനികൾക്കായാണ് ആംബുലൻസ് നൽകിയത്. പറമ്പിക്കുളം മേഖലയിൽ പറമ്പിക്കുളം കേന്ദ്രീകരിച്ച് ആംബുലൻസ് നേരത്തേ ലഭിച്ചിട്ടുണ്ടെങ്കിലും തേക്കടി മേഖലക്ക് ആംബുലൻസ് ഇല്ലാത്തത് ആദിവാസികൾക്കിടയിൽ വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ആദിവാസികളുടെ നിരന്തര ഇടപെടലുകൾക്കുശേഷം ലഭിച്ച ആംബുലൻസ് പ്രവർത്തിപ്പിക്കാൻ ഒരു വർഷമായി നടപടി ഇല്ലാത്തത് ഊരുവാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. സർക്കാർ ഉത്തരവിൽ മാറ്റം ഉണ്ടായാൽ പഞ്ചായത്ത് ഏറ്റെടുത്ത് ആംബുലൻസ് പ്രവർത്തിപ്പിക്കാൻ തയാറാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താജുദ്ദീൻ പറഞ്ഞു.
ഇ.ഡി.സി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ കൈമാറാനുള്ള നടപടികൾ പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധിയായത്. ആംബുലൻസ് തുരുമ്പെടുത്ത് നശിക്കുന്നതിനുമുമ്പ് പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

