ആലത്തൂർ ടൗൺ ബൈപാസ് റോഡ് പ്രഖ്യാപനം മാത്രമോ?
text_fieldsആലത്തൂർ ടൗൺ ബൈപാസ് റോഡ് നിർമിക്കുമെന്ന് പറയുന്ന ദേശീയപാത ഭാഗത്തെ ആയാർകുളം തോട്
ആലത്തൂർ: നഗരത്തിലെ ഇടുങ്ങിയ റോഡിലൂടെയുള്ള ഗതാഗത തിരക്ക് ഒഴിവാക്കാൻ കണ്ടെത്തിയ ആലത്തൂർ ആയാർകുളം-റസ്റ്റ് ഹൗസ് ബൈപാസ് റോഡ് പ്രഖ്യാപനത്തിലൊതുങ്ങി. ആദ്യം 15 കോടിയും പിന്നീട് 10 കോടിയും റോഡ് നിർമാണത്തിന് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും റോഡ് പണി തുടങ്ങി കാണുന്നില്ല.
നഗരത്തിന് സമാന്തരമായുള്ള ദേശീയപാതയിലെ ആയാർകുളം ഭാഗത്തെ തോട് വശം കെട്ടി മുകളിൽ സ്ലാബ് പതിച്ച് റോഡ് നിർമിക്കുന്നതാണ് വിഭാവനം ചെയ്ത പദ്ധതി. അങ്ങനെയൊരു റോഡ് വന്നാൽ ടൗണിൽ വരാതെ പോകുന്ന വാഹനങ്ങൾക്ക് തിരക്കില്ലാതെ കടന്നു പോകാൻ കഴിയും. ടൗണിൽനിന്ന് പോകുന്ന ചെറിയ വാഹനങ്ങൾക്ക് കോർട്ട് റോഡിൽനിന്ന് വാനൂർ ഇട റോഡ് വഴി ബൈപാസിലും ദേശീയ പാതയിലും എത്താം. 2017 ലെ ബജറ്റിലാണ് പദ്ധതിക്ക് അനുമതി നൽകിയത്. കിഫ്ബി പദ്ധതിയിലാണ് ഫണ്ട് അനുവദിക്കുക എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും പ്രവൃത്തികൾ ഒന്നും കാണുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
സ്ഥലം തദ്ദേശഭരണ വകുപ്പിന്റെ അധീനതയിലായതിനാൽ നിർമാണ ചുമതലയും അതിലെ എൻജിനീയറിങ് വിഭാഗത്തിനാണ് നൽകിയിട്ടുള്ളതെന്നും അറിയാൻ കഴിഞ്ഞു. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാകുന്നതിനനുസരിച്ച് നിർമാണം തുടങ്ങുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ കാലം നീണ്ടു പോകുന്നതല്ലാതെ റോഡ് നിർമാണം ഒരിടത്തും കാണുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.