കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടി; ദമ്പതികൾക്കും മകൾക്കും പരിക്ക്
text_fieldsമാത്തൂർ: ബൈക്കിന് മുന്നിലേക്ക് ചാടി കാട്ടുപന്നി നടത്തിയ ആക്രമണത്തിൽ ദമ്പതികൾക്കും മകൾക്കും പരിക്കേറ്റു. മാത്തൂർ കൊല്ലാട് വീട്ടിൽ നൂർ മുഹമ്മദിന്റെ മകൻ ഷമീർ, ഷമീറിന്റെ ഭാര്യ ഹഫ്സത്ത്, മകൾ ആറു വയസ്സുകാരി ഷഹല എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സാരമായ പരിക്കുകളോടെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി കുടുംബം ബൈക്കിൽ പോകുമ്പോൾ കൊല്ലാട് കനാൽ റോഡിൽ വെച്ച് കാട്ടുപന്നി മുന്നിലേക്ക് ചാടി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഷമീറിന് കാലിനും കൈത്തണ്ടക്കും ചുമലിനും കണ്ണിനും പരിക്കേറ്റു. മകൾ ഷഹലക്ക് തലയിലും ചെവിയിലും മുഖത്തുമാണ് പരിക്ക്. തോളെല്ല് പൊട്ടിയിട്ടുമുണ്ട്. ഹഫ്സത്തിന് കൈകാലുകളിലും മുഖത്തുമാണ് പരിക്ക്.
അലനല്ലൂരിൽ 10 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
അലനല്ലൂർ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ നിന്നായി 10 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ഗ്രാമപഞ്ചായത്തിൽ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കർഷകരുടെ പരാതികളെ തുടർന്നാണ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗീകൃത ഷൂട്ടർമാരുടെ സേവനം ലഭ്യമാക്കി ഇവയെ വെടിവെച്ച് കൊന്നത്.
കഴിഞ്ഞ രാത്രിയിലാണ് കൃഷിയിടങ്ങളിലിറങ്ങിയ പന്നികളെ കൊന്നത്. ഇവയുടെ ജഡത്തിൽ ഡീസൽ ഒഴിച്ച് തോണിക്കടവൻ സർക്കാർ വനത്തിനുള്ളിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് സംസ്കരിച്ചു.
സംസ്കരണ ചടങ്ങിൽ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹബീബുല്ല അൻസാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ബഷീർ പടുകുണ്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിജാസ് ഒതുക്കുംപുറത്ത്, സുരേഷ് കൊടുങ്ങയിൽ, ഗ്രാമപഞ്ചായത്ത് ജീവനക്കാരായ ഷംസുദ്ദീൻ, ഫിറോസ്, ഷൂട്ടർ സക്കീർ ഹുസൈൻ, വനം വകുപ്പ് ജീവനക്കാരായ എം. രാധാകൃഷ്ണൻ, സി. രമേഷ് കുമാർ, മുൻ ഗ്രാമപഞ്ചായത്തംഗം നിജോ വർഗീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

