എടത്തനാട്ടുകര കുടുംബക്ഷേമ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കാതെ അധികാരികൾ
text_fieldsഎടത്തനാട്ടുകര കോട്ടപ്പള്ളയിലെ കുടുംബക്ഷേമ കേന്ദ്രം
അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ള കുടുംബക്ഷേമ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെയും അംഗീകരിച്ചിട്ടില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി എടത്തനാട്ടുകരയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടും ഡോക്ടറെ സ്ഥിരമായി നിയമിക്കാനുള്ള അനുകൂല തീരുമാനമായില്ല.
കോട്ടപ്പള്ളയിലെ കുടുംബക്ഷേമ കേന്ദ്രത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ പഴയകെട്ടിടം പൊളിച്ച് പുതിയ കെട്ടിടം വന്നാൽ ഡോക്ടറുടെ സ്ഥിരമായ സേവനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. 2014- 15 വർഷത്തിൽ ഷംസുദ്ദീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വകയിരുത്തി പഴയ കെട്ടിടം പൊളിച്ചുമാറ്റി ഇരുനില കെട്ടിടം നിർമിച്ചു.
കെട്ടിടം ഉണ്ടായി എന്നല്ലാതെ ഡോക്ടറുടെ സേവനം നടപ്പാക്കാൻ അധികാരികൾ കനിഞ്ഞില്ല. മലയോര പ്രദേശങ്ങളായ മുണ്ടകുളം, ചോലമണ്ണ്, ചെകിടികുഴി, പൊൻപ്പാറ, ഓലപ്പാറ, മലയിടിഞ്ഞി, താണിക്കുന്ന്, കിളയപ്പാടം, ചൂളി, കപ്പി, പിലാച്ചോല, കല്ലംപള്ളിയാൽ, പാണ്ടിക്കോട്, ഓടക്കളം, ചെമ്പപ്പാടം, ചളവ തുടങ്ങി നിരവധി പ്രദേശങ്ങളിൽനിന്ന് 15 മുതൽ 20 കിലോമീറ്റർവരെ സഞ്ചരിച്ച് വേണം അലനല്ലൂരിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തി ഡോക്ടറെ കാണാൻ കഴിയുക.
മലമുകളിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരം നടന്നാണ് പൊൻപാറയിലെത്തി വാഹനത്തിൽ കേറാൻ സാധിക്കുന്നത്. ഈ ദുരിതം സഹിക്കാൻ കഴിയാത്തവർ എടത്തനാട്ടുകരയിലെ നാലിലധികം സ്വകാര്യ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്. ഇത് സാധാരണക്കാരായ ആളുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നു.
എടത്തനാട്ടുകരയിലുള്ള കുടുംബക്ഷേമ കേന്ദ്രത്തിൽ നിലവിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സിന്റെ സേവനമാണുള്ളത്. ആഴ്ചയിൽ ഗർഭിണികൾക്കുള്ള രജിസ്ട്രേഷൻ, മാസത്തിൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് എന്നിവയാണ് ഇവിടെ നടക്കുന്നത്.
സ്ഥല സൗകര്യത്തിന്റെ കുറവ് ഇല്ലാത്ത കെട്ടിടത്തിൽ സ്ഥിരമായി ഒരു ഡോക്ടറെ നിയമിക്കുന്നതോടെപ്പം, നഴ്സ്, ഫാർമസിസ്റ്റ്, നഴ്സ് അസിസ്റ്റന്റ്, ക്ലിനിങ് സ്റ്റാഫ് എന്നിവ കൂടി പരിഗണിച്ചാൽ എടത്താട്ടുകര പ്രദേശത്തുകാരുടെ മൂന്ന് പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിന് വിരാമമാകും. 60 വർഷത്തോളമായി കോട്ടപ്പള്ളയിൽ കുടുംബക്ഷേമ കേന്ദ്രം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

