ചെറുകോൽക്കളത്തിൽ കീടനാശിനി തെളിച്ചിട്ട് ദേഹാസ്വാസ്ഥ്യം; കൃഷി ഉദ്യോഗസ്ഥർ പരിശോധിച്ചു
text_fieldsകൊല്ലങ്കോട് ചാത്തൻ പാറ ചെറുകോൽക്കളത്തിൽ കീടനാശിനി തളിച്ച മാവ് കൃഷി ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
കൊല്ലങ്കോട്: മാവിൻതോട്ടത്തിൽ കീടനാശിനി തെളിച്ചതുമായി ബന്ധപ്പെട്ട് നാല് പേർക്ക് ദേഹാസ്വാസ്ഥ്യത ഉണ്ടായ ചാത്തൻപാറ ചെറുകോൽക്കളത്തിൽ കൃഷി ഓഫിസർ പരിശോധനക്കെത്തി. കൊല്ലങ്കോട് കൃഷി ഓഫിസർ എൻ.ജി. വ്യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെറുകോൽ കളത്തിലെ മാവിൻ തോട്ടം സന്ദർശിച്ചത്.
5000ൽ അധികം ലിറ്റർ സംഭരണശേഷിയുള്ള വലിയ കന്നാസുകൾ മിനി ലോറികളിൽ എത്തിച്ചാണ് മാവിൻ തോട്ടത്തിൽ കീടനാശിനികൾ തളിച്ചതെന്ന് പരിസരവാസികൾ പറഞ്ഞു. വലിയതോതിൽ യന്ത്രത്തിലൂടെ കീടനാശിനി തെളിച്ചതാണ് പരിസരവാസികളായ ഒരു കുടുംബത്തിലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ദേഹാസ്വാസ്ഥ്യമുണ്ടായ കൃഷ്ണമൂർത്തി നൽകിയ പരാതിയെ തുടർന്ന് കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാവിൻതോട്ടത്തിൽ എത്തിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മാവിൻ തോട്ടത്തിലെ പൂക്കളെയും ഇലകളെയും പരിശോധിച്ചു. ഒന്നിലധികം കീടനാശിനികൾ ഒരുമിച്ച് കലർത്തി ഉപയോഗിച്ചതാണ് പ്രശ്ന കാരണമായതെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ഏത് രീതിയിലുള്ള കീടനാശിനിയാണ് മാവിൻതോട്ടത്തിൽ ഉപയോഗിച്ചതെന്ന് അറിവായിട്ടില്ല.
തളിച്ചതിനുശേഷം ഇലകൾ പരിശോധിച്ചാൽ യഥാർഥ കീടനാശിനി തിരിച്ചറിയാൻ പ്രയാസമാണെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ വ്യാസ് പറഞ്ഞു.
കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി, മുതലമട തുടങ്ങിയ നാലു പഞ്ചായത്തുകളിലായി 8000 ഹെക്ടറിലധികം മാവിൻ തോട്ടങ്ങൾ നിലവിലുള്ളത്. ഇവയിൽ 10 ശതമാനം മാവുകൾ മാത്രമാണ് നിലവിൽ പൂത്തിട്ടുള്ളത്. മാവുകൾ വേഗം പൂക്കാനായി രാസപദാർഥങ്ങൾ, ഹോർമോണുകൾ എന്നിവ തളിക്കുന്ന പ്രയോഗവും നിലവിൽ നടന്നുവരുന്നുണ്ട്.
കൃഷി വകുപ്പ് അധികൃതർ നിർദേശിക്കുന്ന കീടനാശിനികളും ഹോർമോണുകളും അല്ലാതെ മറ്റുള്ളവയൊന്നും ഉപയോഗിക്കരുതെന്ന് കൊല്ലങ്കോട് കൃഷി ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

