ഓല കരിച്ചിൽ വ്യാപകം നിർദേശവുമായി കൃഷിവകുപ്പ്
text_fieldsകൊല്ലങ്കോട്: നെൽകൃഷിയിൽ ഓല കരിച്ചിൽ രോഗവും പോള അഴുകൽ രോഗവും വ്യാപകം. കർഷകർ ജാഗ്രത പാലിക്കണമെന്ന് കൃഷി വകുപ്പ്. മിക്ക പാടശേഖരങ്ങളിലും ഓലകരിച്ചിൽ രോഗം വ്യാപകമാണ്. മഴ കഴിഞ്ഞുള്ള മൂടിക്കെട്ടിയ കാലാവസ്ഥയിൽ രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണ്. മണ്ണ്, വെള്ളം, കാറ്റ് വഴി രോഗബാധ രൂക്ഷമാകുന്നതിനാൽ മരുന്ന് മാത്രം അടിച്ചത് കൊണ്ട് രോഗം പൂർണമായി മാറുകയില്ലെന്ന് വിദഗ്ധർ പറഞ്ഞു. ഓലയുടെ അറ്റത്തുനിന്ന് ആരംഭിക്കുന്ന കരിച്ചിൽ നെല്ലോലയെ പൂർണമായും ബാധിക്കുകയും ഓലകൾ പൂർണമായും കരിഞ്ഞു നശിക്കു കയും ചെയ്യുന്നതാണ് രോഗലക്ഷണം. നെല്ലിന്റെ തണ്ടിന് ചുറ്റും അഴുകിയപോലെ കറുത്ത നിറത്തിൽ കാണപ്പെടുകയും തണ്ടും വേരുകളും ഉൾപ്പെടെ ഓരോ നുരിയും പൂർണമായി നശിക്കുകയും ചെയ്യുന്നു. കതിര് വരുന്ന സമയം ആണെങ്കിൽ കൊതുമ്പോലകളിൽ കരിച്ചിൽ വന്നു കതിര് മുഴുവൻ പതിരാവുകയും ചെയ്യുന്നു.
വെള്ളമുള്ള പാടത്തു ബ്ലീച്ചിങ് പൗഡർ കിഴി കെട്ടിയിടണം. ഇത് മണ്ണിലൂടെയുള്ള പകർച്ച കുറയും. മരുന്ന് തളിക്കുമ്പോൾ ഏക്കറിന് 100 ലിറ്റർ വെള്ളം തന്നെ എടുത്തിരിക്കണമെന്ന് കൊല്ലങ്കോട് കൃഷിഭവൻ അധികൃതർ പറഞ്ഞു. രോഗബാധയുള്ള പാടങ്ങളിൽ മരുന്ന് തളി നടത്തി രോഗം കുറഞ്ഞ ശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. രോഗം രൂക്ഷമാകാനുള്ള സാഹചര്യം ആയതിനാൽ യൂറിയ പോലുള്ള നൈട്രജൻ വളങ്ങളുടെ ഉപയോഗം കുറക്കുകയും വേണം. നിയന്ത്രണ മാർഗങ്ങൾ പാടശേഖരങ്ങളിൽ നടത്തണമെന്ന് കൊല്ലങ്കോട് കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രത്തിലെ വിദഗ്ധർ നിർദേശിച്ചു.
മണ്ണിലെയും വെള്ളത്തിലെയും ബാക്ടീരിയ ലോഡ് കുറക്കാൻ പാടത്തും കഴായിലും ബ്ലീച്ചിങ് പൗഡർ, കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതിൽ ചെറിയ കിഴികൾ ആയി കെട്ടിയശേഷം ഇട്ടുകൊടുക്കണം. ഇലകളിലെ കരിച്ചിൽ മാറാൻ സ്ട്രെപ്റേറാ സൈക്ളിൻ എന്ന ആന്റിബിയോട്ടിക് 40 ഗ്രാം ഒരു ഏക്കറിന് 100 ലിറ്റർ വെള്ളത്തിൽ പശ ചേർത്തുതളിക്കണം. നെല്ലിലെ പോള രോഗത്തിനെതിരെ കുമിൾനാശിനികളായ പ്രോപ്പി കൊണാസോൾ ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ ടെബു കൊണ സോൾ, ട്രിഫ്ലോ ക്സി സ്ട്രോബിൻ നാല് ഗ്രാം പത്ത് ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.100 ലിറ്റർ വെള്ളത്തിന് രണ്ട് കിലോ പച്ചചാണകം കലക്കി തെളി എടുത്തതിൽ ആന്റിബയോട്ടിക് മരുന്ന് ചേർത്ത് തളിക്കുന്നത് ഓല കരച്ചിലിനെതിരെ കൂടുതൽ ഫലപ്രദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

