അന്തർസംസ്ഥാന റോഡിൽ അപകടങ്ങൾ പെരുകുന്നു
text_fieldsനെന്മാറ-പാലക്കാട് റോഡിൽ പല്ലശ്ശന കൂടല്ലൂർ പാലത്തിനടുത്ത് പാഴ്ച്ചെടികൾ വളർന്ന് മുന്നറിയിപ്പ് ബോർഡ് മറത്ത നിലയിൽ
നെന്മാറ: അന്തർസംസ്ഥാന റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. റോഡരികിലെ മുന്നറിയിപ്പ് ബോർഡുകൾ മിക്കതും തകർന്നതാണ് അപകടങ്ങൾ പെരുകാൻ കാരണം. ഗോവിന്ദാപുരം മുതൽ കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, മംഗലം വരെയുള്ള റോഡിന് ഇരുവശങ്ങളിലും കുടിവെള്ള പൈപ്പിനായി കുഴികൾ നിർമിച്ചതോടെ മുന്നറിയിപ്പ് ബോർഡുകൾ മിക്കവയും നിലം പതിച്ചു. നെന്മാറ-പാലക്കാട് റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ കാടുകയറി മറഞ്ഞ നിലയിലാണ്.
തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലും മരങ്ങളിലും ഇടിച്ച് തകരുന്ന അവസ്ഥ പതിവാണ്. കൾവെർട്ട്, പാലങ്ങൾ, വളവുകൾ, അപകടമേഖല എന്നിവഉണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നതിനായി സ്ഥാപിച്ച ബോർഡുകളാണ് മിക്ക സ്ഥലങ്ങളിലും പൈപ്പിടാനായി സ്ഥാപിച്ച കുഴി മൂലം നിലം നശിച്ചത്.
നിലംപതിച്ച പൊതുമരാമത്ത് വകുപ്പിന്റെ ബോർഡുകൾ ചിലർ ആക്രിക്കടകളിൽ വിൽക്കുന്നുമുണ്ട്. പക്ഷേ, ഇവയൊന്നും പരിശോധിക്കാൻ അധികൃതർ എത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മുന്നറിയിപ്പ് നൽകുന്നതിനായി റിഫ്ലക്റ്റീവ് സ്റ്റിക്കറുകൾ പതിച്ച മുന്നറിയിപ്പ് ബോർഡുകൾ നാലെണ്ണം വീതം ഓരോ കൺവെർട്ടിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയും മിക്ക സ്ഥലങ്ങളിലും അപ്രത്യക്ഷമായി.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. നിലം പതിച്ച മുന്നറിയിപ്പ് ബോർഡുൾ പുനഃസ്ഥാപിക്കേണ്ടത് കുടിവെള്ള പൈപ്പിനായി കരാർ എടുത്ത കമ്പനിയും അത് നിരീക്ഷിക്കേണ്ടത് പൊതുമരാമത്ത് വകുപ്പും ആണ്. എന്നാൽ രണ്ടു വിഭാഗങ്ങളിലും ഉണ്ടായ അനാസ്ഥയാണ് വാഹനാപകട ങ്ങൾ വർധിക്കാൻ ഇടയാക്കിയത്.
കൂടാതെ റോഡരികിലെ കുഴികൾ മിക്ക സ്ഥലങ്ങളിലും താഴ്ന്നതിനാൽ വാഹനങ്ങൾ കുടുങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴ എത്തുന്നതോടെ പ്രശ്നം കൂടുതൽ വഷളാകുമെന്നും ബോർഡുകൾ പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

